മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി നിയമ സഹായം നല്‍കി

0

അപകടത്തില്‍ പരിക്കേറ്റ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ മുകുന്ദന്റെ നിയമ സഹായം ഏറ്റെടുത്ത് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി.അപകടത്തിന് ഉത്തരവാദിയായവര്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ് നിയമസഹായം ഏറ്റെടുക്കുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നീതി ലഭിക്കണമെന്ന് മുകുന്ദന്റെ ഭാര്യ ബിന്ദുവും ആവശ്യപ്പെട്ടു.

2009 ല്‍ വാഹനപകടത്തില്‍ പരിക്കേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന്‍ കിടപ്പിലാണ്.2009 ല്‍ ഇ.ഡി.സി. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഫോറസ്റ്ററുടെ ഉടമസ്ഥതയിലുള്ള ജീപ്പില്‍ പോകവെയാണ് അപകടം നടന്നത്.അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് ഇന്‍ഷൂറന്‍സ് അടക്കമുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. മാത്രവുമല്ല അന്ന് കേസ് ഏറ്റെടുത്ത വക്കീല്‍ ആകട്ടെ ഇത്തരം കാര്യങ്ങള്‍ മറച്ച് വെച്ച് വാഹന ഉടമയായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.അതുകൊണ്ട് തന്നെ കേസ് മറ്റൊരു വക്കിലിന് കൈമാറി. മുകുന്ദന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും തനിക്ക് നീതി ലഭിക്കണമെന്നും മുകുന്ദന്റെ ഭാര്യ ബിന്ദു പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോണ്‍ മാസ്റ്റര്‍, മുകുന്ദന്റെ ഭാര്യ ബിന്ദു, കെ.രാഘവന്‍, ടിന്റുവിനോയ്, കെ.ജയന്തി, അപകടത്തില്‍ മരിച്ച മാസ്തിയുടെ മകള്‍ വിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!