കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി  നടപ്പിലാക്കും

0

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും, നഗരസഭയിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ പ്രതിനിധി യോഗത്തിലാണ് തീരുമാനം. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനവും കുറഞ്ഞത് ഒരു ഏക്കര്‍ സ്ഥലത്ത് വന സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധിയില്‍ ചുരുങ്ങിയത്  മൂന്ന് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണം.കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാകുന്നതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.ഒരു വാര്‍ഡില്‍ കുറഞ്ഞത് ഒരു ഇലക്ട്രിക്ക് വാഹനമെങ്കിലും വാങ്ങുന്നതിന് സബ്‌സിഡി തുക അനുവദിക്കാനും പുഴയോരങ്ങളിലും, മണ്ണിടിച്ചില്‍ ബാധിത പ്രദേശങ്ങളിലും മുള നടുന്നതിനുളള നടപടി സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക ഭരണ സമിതി യോഗം ചേരാനും തീരുമാനം.കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, സൗത്ത് ഡി.എഫ്.ഒ രജ്ഞിത്ത് കുമാര്‍, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ ചന്ദ്ര ദാസ്, തണല്‍ ട്രസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാജു, പ്രോഗ്രാം ഓഫീസര്‍ അജിത്ത് ടോമി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!