വി.എഫ്.പി.സി.കെ വിപണന മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) ജില്ലയില്‍ പണി കഴിപ്പിച്ച വിപണന മന്ദിരങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പനമരം പഞ്ചായത്തില്‍ നീര്‍വാരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീര്‍വാരം സ്വാശ്രയ കര്‍ഷക സമിതി, തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആലാറ്റില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പേര്യ സ്വാശ്രയ കര്‍ഷക സമിതി എന്നീ വിപണികള്‍ക്കാണ് വിപണന മന്ദിരങ്ങള്‍ പണി കഴിപ്പിച്ചത്.
വി.എഫ്.പി.സി.കെ മുഖേന രജിസ്റ്റര്‍ ചെയ്ത സ്വാശ്രയ സംഘങ്ങളിലെ പഴം- പച്ചക്കറി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം ചെയ്യുന്നതിനാണ് സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌പോര്‍ട് ആനുകൂല്യം, റിസ്‌ക് ഫണ്ട്, വിള ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട വിപണന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് വിപണന മന്ദിരങ്ങള്‍ നിര്‍മ്മിച്ചത്.
വിലത്തകര്‍ച്ച ഉണ്ടാകുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ സംഭരിച്ചു മറ്റു ജില്ലകളിലേക്കും കയറ്റി അയക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് വി.എഫ്.പി.സി.കെ വിപണികള്‍ വഴി ലഭിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പേര്യ സമിതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നീര്‍വാരം സമിതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എ.കെ. ഷെരീഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ. പ്രഭാകരന്‍ മാസ്റ്റര്‍, പി.കെ.അസ്മിത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എം. ആന്റണി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍, പനമരം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ എ. വിശ്വനാഥന്‍, പേര്യ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് എം.എ. തോമസ്, നീര്‍വാരം സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് എന്‍.എം. കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.