പുഴകളിലെ മണല്‍ നീക്കം ചെയ്യല്‍ ഊര്‍ജിതമാക്കണം

0

പുഴകളിലെ നീരൊഴുക്കിന്റെ തടസ്സം ഒഴിവാക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  കാലവര്‍ഷം ശക്തിപ്പെടുന്നതോടെ ജില്ലയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് സാധ്യതയുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.  വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി പുഴകളിലെ നീരൊഴുക്ക് ശക്തിപ്പെടുത്തണം. ഇതിന് പുഴകളിലെ മണല്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ തോത് അറിയുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ സജ്ജമാക്കും. കാലവര്‍ഷത്തില്‍ ദുരിതം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കും. ഇതിന് പ്രയോജനപ്പെടുത്താവുന്ന  കേന്ദ്രങ്ങള്‍   കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. കോവിഡ് 19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ  കേന്ദ്രങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ഡെപ്യൂട്ടി കളക്ടര്‍ കെ അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!