കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 86 വയസായിരുന്നു.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ ഏറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി.
കവിത മനുഷ്യ ദുഖങ്ങള്‍ക്കുമുരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓര്‍ക്കപ്പെടും.
1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുള്ള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയ ഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെയും അമരക്കാരിയുമായി. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കുവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു.കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു.
സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം , സരസ്വതി സമ്മാന്‍ കേകള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ആശാന്‍ പ്രൈസ്,ഓടക്കുഴല്‍ പുരസ്‌ക്കാരം,വയലാര്‍ അവാര്‍ഡ്,വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് . , പ്രകൃതി സംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍.2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു