രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല
അയല്‍ സംസ്ഥാനത്ത് നിന്നും രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നത് നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിലടക്കം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താതെ ആളുകള്‍ അതിര്‍ത്തിയിലെത്തി പരിശോധനാകേന്ദ്രങ്ങളില്‍ വലിയ തിരക്ക് സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇത്തരത്തില്‍ ആളുകള്‍ വരുന്നത് പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. കൃത്യമായ സാമൂഹ്യഅകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് രോഗവ്യാപനത്തിന് സാധ്യത കൂട്ടും. അതുകൊണ്ട് അനുവദിക്കപ്പെട്ട സമയത്ത് മാത്രമെ യാത്രക്കാര്‍ എത്താന്‍ പാടുളളുവെന്നും കളക്ടര്‍ പറഞ്ഞു
കോവിഡ് 19 ജാഗ്രത പാസ് ഉപയോഗിച്ചാണ് അയല്‍ സംസ്ഥാനത്ത് നിന്നും പ്രവേശനം അനുവദികുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ലഭ്യമായില്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി യാത്രക്കാര്‍ പ്രത്യേകം വാഹനപാസിന് അപേക്ഷിക്കണം. കര്‍ണ്ണാടക സര്‍ക്കാറിന്റെ സേവാസിന്ധു പാസില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന വാഹനങ്ങളെ തിരിച്ച് പോകാന്‍ അവര്‍ അനുവദിക്കുന്നില്ല. അതിനാല്‍ റിട്ടേണ്‍ പെര്‍മിറ്റ് ഇല്ലാതെ എത്തുന്ന കര്‍ണ്ണാടക ടാക്‌സികളെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല.
മൂലഹളളി ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇനി മുതല്‍ പരിശോധന നടക്കുക. രജിസ്‌ട്രേഡ് വാഹനത്തില്‍ രജിസ്‌ട്രേഡ് ആയിട്ടുളള ആളുകള്‍ എത്തിയാല്‍ അവരെ പരിശോധനക്ക് ശേഷം കടത്തിവിടും. മെയ് എട്ടാം തിയ്യതി വരെയുളള പാസുകളില്‍ എത്തുന്നവരെയും കടത്തിവിടും. എന്നാല്‍ ഈ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആളുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തില്‍ എത്തുകയാണെങ്കില്‍ അവരുടെ വാഹനം അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കണം. ഇവര്‍ക്ക് അതിര്‍ത്തിയില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടാക്‌സിയില്‍ യാത്ര തുടരാം. രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ എത്തുകയാണെങ്കില്‍ അവരെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല. കുറച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യുകയും കുറച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യാതെയും രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തിലെത്തുകയാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് ടാക്‌സിയില്‍ യാത്ര തുടരാം. രജിസറ്റര്‍ ചെയ്യാത്തവര്‍ വന്ന വാഹനത്തില്‍ തന്നെ തിരിച്ച് പോകണം. രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റര്‍ ചെയ്യാത്തവരുമായ ആളുകളെ കയറ്റി എത്തുകയാണെങ്കില്‍ മുഴുവന്‍പേരെയും തിരിച്ചയക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ജില്ലാ കളക്ടര്‍ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ മിനി ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. രജിസ്റ്റര്‍ ചെയ്യാതെ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ യാത്രക്കാരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.