പ്രവാസികള്‍ക്ക് സേവനവുമായി ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ മൊബൈല്‍ ക്ലിനിക്ക്

0

ഡിഎം വിംസിന്റെ മാതൃസ്ഥാപനമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സംരംഭമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സും അന്തരിച്ച പ്രമുഖ മലയാളി വ്യവസായി ജോയി അറക്കല്‍ ചെയര്‍മാനായിരുന്ന അറക്കല്‍ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ അതോറിറ്റിക്ക് ഉപയോഗിക്കാം. കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ക്കും വിവിധ തരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും, ഗര്‍ഭിണികള്‍ക്കും മറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ജില്ലയ്ക്ക് നല്‍കാന്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഡി.എം വിംസ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കിന്റെ ഫ്‌ളാഗ് ഓഫ് കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍,ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുള്ള എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു.സഞ്ചരിക്കുന്ന ഒരു ആശുപത്രിക്ക് വേണ്ട എല്ലാ ആധുനിക സജ്ജീകരണങ്ങളും തയ്യാറാക്കികൊണ്ടാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. കൂടാതെ അവശ്യം വേണ്ട പരിശോധനകള്‍ നടത്താന്‍ ഉള്ള ലബോറട്ടറിയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ തീരുന്ന മുറയ്ക്ക് ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ള വിദൂര മേഖലകളില്‍ മെഡിക്കല്‍ സഹായം എത്തിക്കുവാന്‍ ഈ മൊബൈല്‍ ക്ലിനിക്ക് ഉപയോഗിക്കുമെന്നും യു.ബഷീര്‍ വ്യക്തമാക്കി.ചടങ്ങില്‍ ഡിഎംഒ ഡോ.ആര്‍.രേണുക, ഡിഎം വിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍,ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!