വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍; ഇന്‍ഷൂറന്‍സ് തുക ലഭിച്ചില്ല
കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ച വാഴകര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് തുക ലഭിച്ചില്ലെന്ന് പരാതി.ജില്ലയില്‍ തന്നെ 1 കോടിയില്‍ അധികം രൂപ ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.ഒരു വാഴക്ക് 3 രൂപ പ്രീമിയം എന്ന നിരക്കിലാണ് ഇന്‍ഷൂര്‍ ചെയ്യുന്നത്.കുലച്ച വാഴക്ക് 300 രൂപയും കുലക്കാത്തവക്ക് 150 രൂപയുമാണ് കൃഷി നശിച്ചാല്‍ കര്‍ഷകന് ലഭിക്കേണ്ടത്.ഇന്‍ഷൂര്‍ വ്യവസ്ഥ അനുസരിച്ചു ഓരോവാഴക്കും താങ്ങുകാലും കയറും കെട്ടണമെങ്കില്‍ നല്ല തുക മുടക്കണം എന്നാലും വാഴ നശിച്ചാല്‍ ഇന്‍ഷൂര്‍ പരിരക്ഷ ലഭിക്കുമെന്ന പ്രത്യാശയാണ് കൃഷിക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.തവിഞ്ഞാല്‍ പഞ്ചായത്തിലെ ചുള്ളിയില്‍ ചേന്നാട്ട് സിബിയും സുഹൃത്തും ചേര്‍ന്ന് അയ്യായിരത്തോളം വാഴകള്‍ക്കാണ് 2018–19ല്‍ ഇന്‍ഷൂര്‍ ചെയ്തത്.കൃഷി നാശം സംഭവിച്ച ഉടനെ വകുപ്പധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ ഇന്‍ഷുര്‍ തുക ലഭിച്ചിട്ടില്ല. ഇങ്ങനെ നിരവധി കര്‍ഷകരാണ് ഇന്‍ഷൂര്‍ തുക ലഭിക്കാന്‍ കാത്തിരിക്കുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകാത്തതാണ് ഇന്‍ഷൂര്‍ തുക നല്‍കാന്‍ കാലതാമസം വരുന്നതെന്നാണ് തവിഞ്ഞാല്‍ കൃഷിഭവനില്‍നിന്നും ലഭിക്കുന്ന വിവരം.വാഴക്കുലയുടെ വിലയിടിവിലും കൊറോണ വ്യാധിയുടെയും പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇന്‍ഷൂര്‍ തുക ലഭ്യമാക്കാനുള്ള നടപടി എത്രയും വേഗമുണ്ടാകണം എന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.