സുല്‍ത്താന്‍ബത്തേരിയില്‍ മൊബൈല്‍ ഐസിയുവിന്റെ അഭാവം;
പൊലിയുന്നത് നിരവധി ജീവനുകള്‍. വാഹനാപകടങ്ങളടക്കം അത്യാഹിതങ്ങളില്‍പെടുന്നവരെ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ മൊബൈല്‍ ഐസിയുവിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. പ്രശ്ന പരിഹാരത്തിന് എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തം.
ജില്ലയിലെ പ്രധാനപ്പെട്ട നഗരമായ ബത്തേരി കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളുള്ള മൊബൈല്‍ ഐസിയു യുണിറ്റ് ഇല്ലാത്തതിനാല്‍ നിരവധി ജീവനുകളാണ് വിദഗ്ദ ചികില്‍സ ലഭിക്കാതെ പൊലിയുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിങ്കളാഴ്ച രാത്രി ബീനാച്ചിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പൂതാടി സ്വദേശി നിബിന്‍. അപകടത്തില്‍പ്പെട്ട് അത്യാസന്ന നിലയിലായ നിബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി മൊബൈല്‍ ഐസിയു യൂണിറ്റിനായി കാത്തിരുന്നത് രണ്ട് മണിക്കൂറാണ്. ഇത് കൂടാതെ മൊബൈല്‍ ഐസിയു യൂണിറ്റ് ബത്തേരിയില്‍ ഇല്ലാത്തതിനാല്‍ മറ്റ് നിരവധി ജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ബത്തേരിയിലെ താലൂക്ക്, സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് മൊബൈല്‍ ഐസിയു യൂണിറ്റ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവില്‍ ജില്ലയില്‍ കല്‍പ്പറ്റയിലും മേപ്പാടിയിലുമായി മൂന്ന് മൊബൈല്‍ ഐസിയു യൂണിറ്റാണ് ഉള്ളത്. എന്നാല്‍ ഇവ അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. അതിനാല്‍ ഈ പ്രതികൂല അവസ്ഥയെ തരണം ചെയ്യാന്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ബത്തേരിയില്‍ മൊബൈല്‍ ഐസിയു യൂണിറ്റ് കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്.