അഞ്ചാം പാതിര ഒരു കൂള്‍ ഹൊറര്‍ ത്രില്ലര്‍ എന്ന് അടിവര
ക്രിമിനല്‍ സൈക്കോളജിസ്റ്റാണ് അന്‍വര്‍. രവി വധശിക്ഷയ്ക്ക് ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന കുറ്റവാളിയും. അയാള്‍ അന്‍വറിനോട് പറയുന്നു. കൊല ചെയ്യുബോള്‍ ലഭിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയെ കുറിച്ച്. അത് പറയുമ്‌ബോള്‍ പോലും അയാളുടെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കമുണ്ട്.ടൈറ്റില്‍സ് എഴുതിക്കഴിഞ്ഞ് തുടര്‍ന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയല്‍ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് പൈശാചികമായി കൊലപാതകങ്ങള്‍ അരങ്ങേറുന്നു. അതും പൊലീസുകാരെ തന്നെ ഇരകളാക്കിക്കൊണ്ട്.
സമാനതകളില്ലാത്ത ക്രാഫ്റ്റും മെയ്ക്കിംഗ് സ്‌റ്റൈലുംകൊണ്ട് അഞ്ചാം പാതിരയുടെ ആദ്യ പകുതി നമ്മളെ വിസ്മയിപ്പിക്കും. നട്ടെല്ലില്‍ തുളഞ്ഞുകയറുന്ന ഭീതി ഹാളിന്റെ തണുപ്പില്‍ ഇഴഞ്ഞുനടക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ മിഥുന്‍ മാനുവലിന് ആദ്യ പകുതിയില്‍ മൊത്തത്തിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം നേരങ്ങളിലും സാധിക്കുന്നുണ്ട്. അഞ്ചാം പാതിര എന്ന സിനിമയുടെ ഹൈലൈറ്റും ഇതുതന്നെ.
‘അയ്യേ… ഇതാണോ ഹൊറര്‍… എന്നെ പേടിപ്പിക്കാന്‍ ഇതൊന്നും പോര’ എന്ന് മസിലുപിടിച്ചിരിക്കുന്ന പ്രേക്ഷകരാണ് മലയാളത്തില്‍ ഹൊറര്‍ മൂവികള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.
ആ മസിലൊന്ന് അഴിച്ചുവെച്ച് കാണുന്നവര്‍ക്ക് മികച്ച ദൃശ്യാനുഭവം പകരും അഞ്ചാം പാതിര. ട്രെയിലറിലും പോസ്റ്ററുകളിലും കണ്ട ദുരൂഹത പടത്തില്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നു.
പക്ഷെ ഇത്തരം പടങ്ങളുടെ ഒരു പ്രധാന പ്രതിസന്ധി അവസാനഭാഗവും ക്ലൈമാക്സും ആണല്ലോ. ആദ്യ പകുതിയെ വച്ചു നോക്കുബോള്‍ സെക്കന്റ് ഹാഫില്‍ തിരക്കഥയില്‍ അല്പം വലിച്ചിലുണ്ട്. മേക്കിംഗ് മികവുകൊണ്ട് അതിനെ മറികടക്കാന്‍ മിഥുന് സാധിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പടത്തിന്റെ വിജയപരാജയങ്ങള്‍.
പൊലീസ് അന്വേഷണ സ്റ്റോറിയായി ചെയ്യേണ്ട സിനിമയില്‍ നായകനെ ഒരു ക്രിമിനോളജിസ്റ്റായി പുറത്ത് എക്‌സ്ട്രാ ഡെക്കറേഷനില്‍ നിര്‍ത്തിയത് ചിലപ്പോള്‍ രാസമാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ബാധ്യതയാണ്. നായകനും സിനിമയും രണ്ട് വഴിയില്‍ ആണെന്ന് തോന്നിപ്പിക്കുന്ന ചേര്‍ച്ചയില്ലായ്മ പലപ്പോഴും അനുഭവപ്പെടുന്നു. ഇതേ ശരീരഭാഷയില്‍ ചാക്കോച്ചന്‍ ക്രിമിനോളജിസ്റ്റിനെ അല്ല പോലീസുകാരനെതന്നെ അവതരിപ്പിച്ചാലും ബോറാവുകയില്ലായിരുന്നു.