രജത ജൂബിലി നിറവില്‍ സെന്റ് പാട്രിക് സ്‌കൂള്‍.
രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമര്‍ത്ഥരായ 50 കുട്ടികള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ്,സ്‌കൂളിന് മുന്‍വശത്തായി പൊതു ബസ്‌കാത്തിരിപ്പ് കേന്ദ്രം,വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമീണ ലൈബ്രറികള്‍ക്ക് പുസ്തക വിതരണം,വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിഷരഹിത പച്ചക്കറി പ്രോത്സാഹനത്തിനായി പോളിഹൗസ് സംവിധാനം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെടെ 5000 പേരുടെ ബ്ലഡ് ഡയരക്ടറി,തുടങ്ങിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.രജത ജൂബിലി സമാപനം നവംബര്‍ 30ന് സ്‌കൂളില്‍ വെച്ച് നടക്കും.ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഐഎഎസ്,ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്,റവ.ബ്രദര്‍ പീറ്റര്‍ റയാന്‍,പ്രിന്‍സിപ്പാള്‍ ബ്രദര്‍ സേവ്യര്‍ തോണിപ്പാറ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തി വരുന്ന ഈ വിദ്യാലയം 14 വര്‍ഷമായി ജില്ലാ നഴ്സറി കലോത്സവത്തിലെ ഓവറോള്‍ കിരീടജേതാവാണ്.2019 ലെ നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്റ് റിഡ്രസല്‍ കമ്മീഷന്റെ മികച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ഈ വിദ്യാലയത്തിനാണ് ലഭിച്ചത്.വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ റവ.ബ്രദര്‍ എ.ജെ ജോര്‍ജ്ജ്,വൈസ് പ്രിന്‍സിപ്പാള്‍ ബ്രദര്‍ കിപസണ്‍,പിടിഎ പ്രസിഡണ്ട് വി.ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.