നാമ്പുകള്‍ വിരിയെട്ടെ..കണ്ണീരൊപ്പാന്‍ നാഷണല്‍ സര്‍വീസ് ടീം ചുരംകയറി

0

മാനവ സ്നേഹത്തിന്റെ ഗീതികള്‍ പാടി പാലക്കാട്ട് നിന്നും നാഷണല്‍ സര്‍വ്വീസ് സ്‌കീം കൂട്ടായ്മ സഹായഹസ്തവുമായി ജില്ലയിലെത്തി. ദുരിതബാധിതര്‍ക്കായി ശേഖരിച്ച 25 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളുമായിട്ടാണ് നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങള്‍ ചുരം കയറിയെത്തിയത്. പാലക്കാട് ജില്ലാ എന്‍.എസ്.എസ് കോര്‍ഡിനേറ്ററും ചിറ്റൂര്‍ ഗവ.കോളേജ് അധ്യാപകനുമായ കെ.പ്രദീഷിന്റെ നേതൃത്വത്തില്‍ 22 കോളേജുകളിലെ പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും മുന്നിട്ടിറങ്ങിയാണ് അഞ്ച് ദിവസങ്ങള്‍കൊണ്ട് 14 ടണ്‍ സാധനങ്ങള്‍ ശേഖരിച്ചത്. രണ്ട് ലോറികളിലായി എത്തിയ സാധനങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍, എന്‍.എസ്.എസ് വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ രജിലാ നാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമേറ്റു വാങ്ങിയ വയനാട് ജില്ലയെ സഹായിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ പ്രചാരണം വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. കാരുണ്യവര്‍ഷമായി കളക്ഷന്‍ സെന്ററായ പാലക്കാട് മേഴ്സി കോളേജിലേക്ക് ഒഴുകിയെത്തിയ സാധനങ്ങള്‍ ലോറിയില്‍ കയറ്റാന്‍ കോളേജ് ജംഗ്ഷന്‍ സംയുക്ത തൊഴിലാളി യൂണിയന്‍ അംഗങ്ങളും രംഗത്തിറങ്ങി. വളണ്ടിയര്‍മാര്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമുളള യാത്രാ സൗകര്യം റസ്‌ക്യൂ ടീം പാലക്കാട്, പാലക്കാട് ദുരിതാശ്വാസം വാട്സ് ആപ് കൂട്ടായ്മ എന്നിവര്‍ നല്‍കി. ഏകദേശം അഞ്ച് ലക്ഷം രൂപയോളം സാധനങ്ങള്‍ ബത്തേരി സെന്റ് മേരീസ് കോളേജിലും എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോര്‍ഡിനേറ്റര്‍ പി.വി വല്‍സരാജ്, വിവിധ കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പി.ജെ.ജൂലി, സി.ഹേമലത, ആര്‍ രാഖി, വി.രഞ്ജുകൃഷ്ണ, പി.കെ സുജാത, ഷാഫി പുല്‍പ്പാറ തുടങ്ങിയവരും വയനാടിനൊരു കൈത്താങ്ങൊരുക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!