സൗജന്യ ഡയാലിസിസ് സെന്റര്‍ നാല് പഞ്ചായത്തുകളില്‍ പ്രയോജനം
വെള്ളമുണ്ട: നാലു പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ നല്‍കാന്‍ വെള്ളമുണ്ടയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങുന്നു. അല്‍കരാമ ഗ്രൂപ്പാണ് അത്യാധുനിക സൗകര്യങ്ങളോടെ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചു നല്‍കുന്നത്. സെന്ററിന്റെ ഉദ്ഘാടനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. വെള്ളമുണ്ട പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, തണല്‍ വടകര എന്നിവര്‍ക്കാണ് വെള്ളമുണ്ട ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ചുമതല. സെന്റര്‍ പ്രാവൃത്തികമാവുന്നതോടെ വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക പഞ്ചായത്തിലെ നൂറുക്കണക്കിന് രോഗികള്‍ക്ക് പ്രയോജനം ലഭിക്കും. അല്‍കരാമോ ഗ്രൂപ്പ് സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കുന്നുണ്ട്. 10 ഡയാലിസിസ് മെഷീനുകളാണ് ഡയാലിസിസ് കേന്ദ്രത്തിലുണ്ടാവുക. ഡയാലിസിസിന് വരുന്ന ചിലവുകള്‍ സംഭാവനകളിലൂടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം. സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്‍ നാലു പഞ്ചായത്തുകളിലെയും ഭരണ സമിതിയംഗങ്ങള്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.