ലോക ആരോഗ്യ ദിനം ജില്ലാതല പരിപാടിക്ക് തുടക്കം
മാനന്തവാടി: സാര്‍വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായിടത്തും എന്ന മുദ്രാവാക്യത്തോടെ ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യപരിരക്ഷ എന്നത് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക എന്നത് മാത്രമല്ലെന്നും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ആരോഗ്യ പരിപോഷണ പ്രവര്‍ത്തനങ്ങളുടേയും സമ്മിശ്രണമാണെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഉദ്‌ബോധിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബി അഭിലാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വിജി അശോക് കുമാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം സ്വാഗതവും, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബി. റ്റി. ജാഫര്‍ നന്ദിയും പ്രകാശിപ്പിച്ചു.