മഴയറിയാന്‍ ഇത്തവണ അധികമായി 200 മഴമാപിനികള്‍

0

കാലവര്‍ഷം തൊട്ടടുത്ത് നില്‍ക്കവെ മഴയുടെ അളവ് കൃത്യമായി അറിയാന്‍ ജില്ലയില്‍ ഇത്തവണ കൂടുതലായി സ്ഥാപിച്ചത് 180 നും 200 നുമിടയില്‍ മഴമാപിനികള്‍. ഇതോടെ ജില്ലയില്‍ ആകെയുള്ള മഴമാപിനികളുടെ എണ്ണം 250 ആയി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലും തൊട്ടടുത്ത സ്ഥലങ്ങളില്‍ തന്നെ തീര്‍ത്തും വ്യത്യസ്ത അളവില്‍ മഴ ലഭിക്കുന്നു എന്ന കാരണത്താലും സൂക്ഷ്മതലത്തില്‍ മഴയുടെ പ്രാദേശിക ലഭ്യത കണക്കാക്കി കുറ്റമറ്റ പ്രതിരോധ നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് ലക്ഷ്യം.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഹ്യൂമും (ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി & വൈല്‍ഡ്ലൈഫ് ബയോളജി) സംയുക്തമായാണ് മഴമാപിനികള്‍ സ്ഥാപിച്ചത്.

മഴമാപിനികള്‍ മുഖേന ഓരോ പ്രദേശത്തും നിശ്ചിത സമയത്തില്‍ ലഭിക്കുന്ന മഴയുടെ അളവ് ഡിഎം സ്യൂട്ട് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന കൈമാറും. ഹ്യൂമിന്റെ സാങ്കേതിക സഹായത്തോടെ ദിവസേനയുള്ള മഴ, താപനില എന്നിവയുടെ പ്രവചനവും വിശകലനവും ലഭ്യമാക്കും.

ഓരോ പ്രദേശത്തെയും മഴയുടെ അളവ്, കാലാവസ്ഥ എന്നിവയ്ക്ക് അനുസൃതമായി നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയും. ഇതുവഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങളും മഴ മുന്നറിയിപ്പുകളും നല്‍കാം.

തുടര്‍ച്ചയായി 600 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശങ്ങളായി കണക്കാക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നത് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും പ്രാപ്തമാക്കും.

ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മഴമാപിനി സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ്- 20.

മേപ്പാടി, ബ്രഹ്‌മഗിരി, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പോലെ താരതമ്യേന മഴ കുറവുള്ള പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് നല്‍കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌

മഴമാപിനികളില്‍ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ ആളുകളിലേക്കെത്തിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. വെതര്‍ ഫോര്‍കാസ്റ്റ് എന്ന പേരില്‍ 225 അംഗങ്ങളുള്ള വാട്‌സാപ്പ് കൂട്ടായ്മയിലൂടെ അറിയിപ്പുകള്‍ കൈമാറും. എല്ലാ ദിവസവും രാവിലെ 8 ന് മഴമാപിനി വിവരങ്ങളും മറ്റ് കാലാവസ്ഥ പ്രവചനങ്ങളും ഗ്രൂപ്പില്‍ ലഭ്യമാക്കും. ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചാല്‍ ദുരന്ത നിവാരണ അതോറിറ്റി പ്രാദേശിക ഭരണകൂടങ്ങളുമായും പോലീസ്, അഗ്നിരക്ഷ സേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുമായും ചേർന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!