വയനാട് വന്യജീവി സങ്കേതത്തില്‍ വന്‍ ആനക്കൊമ്പ് വേട്ട. സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുഴിയില്‍ വെച്ചാണ് 27 കിലോ തൂക്കം വരുന്ന രണ്ട് കൊമ്പുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. കര്‍ണാടക വനത്തില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണ് എന്നാണ് പിടിയിലായവര്‍ പറഞ്ഞിരിക്കുന്നത്.
മുത്തങ്ങ പൊന്‍കുഴി സങ്കേതത്തിലെ സുനില്‍ (21), ശിവ പ്രസാദ് (25), രാജു (25), ചെട്ടിയാലത്തൂര്‍ തിണ്ടങ്കര സങ്കേതത്തിലെ ബാബു (20), കുമഴി കാട്ടുനായ്ക്ക സങ്കേതത്തിലെ ബിജു (20) എന്നിവരാണ് പിടിയിലായത്. പിടികൂടിയ കൊമ്പുകളില്‍ ഒന്നിന്ന് 168 സെന്റീമീറ്ററും മറ്റൊന്നിന് 157 സെന്റീമീറ്റര്‍ നീളവുമാണുള്ളത്. 27 കിലോ തൂക്കമാണ് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പുകള്‍ക്കുമായുള്ളത്.
കര്‍ണാടക വനത്തിലെ രാംപൂര് കല്‍ക്കര റേഞ്ചില്‍ ഓറഞ്ച് ക്യാമ്പ് ഷെഡ്ഡിംഗ് വനമേഖലയില്‍ നിന്നാണ് ചെരിഞ്ഞ കൊമ്പന്റെ കൊമ്പുകള്‍ എടുത്തതെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായ പ്രതികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. സ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തി അറസ്റ്റ് രേഖപെടുത്തി ഇവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി അന്വേഷണം വനവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിശോധന സംഘത്തില്‍ സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അശ്വതി ബാലന്‍, ജിബിത് ചന്ദ്രന്‍, കെ. ഒ സന്ദീപ്, ആര്‍. രഞ്ജിത്കുമാര്‍, കെ ഉമേഷ്, പി ആര്‍ അര്‍ജുന്‍, സി കെ സതീഷ്‌കുമാര്‍, ഫോറസ്റ്റ് വാച്ചര്‍മാരായ രജിത, ഗിരിജ, ഡ്രൈവര്‍ ഷാജി എന്നിവരും ഉണ്ടായിരുന്നു.