ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുമൃഗങ്ങള്‍ അനാഥരല്ല, ചൂരല്‍മലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള പരിക്കേറ്റ മൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഏറ്റെടുക്കാന്‍ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പ് ഏല്‍പ്പിക്കും. ചൂരല്‍മലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകര്‍ഷകരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. നിലവില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എന്‍ജിഒ, വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരല്‍മല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്‌പെഷ്യല്‍ ഡിഫെന്‍സ് ഗ്രൂപ്പിനും കൈമാറിയിരുന്നു.
ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളില്‍ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് തുടര്‍നടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഒഡോക്ടറും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലന്‍സില്‍ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. രാജേഷ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ മേപ്പാടിയില്‍ നശിപ്പിക്കുന്നതിനും സജ്ജീകരണമായി.