സാമ്പത്തിക തര്‍ക്കം; ഇടപാടുകാരനെ വധിക്കാന്‍ ശ്രമം

0

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപാടുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി വധിക്കാന്‍ ശ്രമം. പെരിക്കല്ലൂര്‍ പുതുശ്ശേരി റോജിയാണ് വീട്ടിലെത്തിയ ചാത്തംകോട്ട് ജോസഫിനെ (ജോബിച്ചന്‍-60) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ജോബിച്ചനെ ഓമിനി വാന്‍ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തി. നിലത്തുവീണ ജോബിച്ചനെ റോജിയും ഇയാളുടെ സഹായിയും ചേര്‍ന്ന് തൂമ്പ കൊണ്ട് അക്രമിക്കുകയായിരുന്നു.തുടര്‍ന്ന് കാര്‍ ഷെഡില്‍ നിന്നും ജോബിച്ചനെ എടുത്തുകൊണ്ടുപോയി വീടിന് സമീപത്തെ കൃഷിയടത്തില്‍കൊണ്ടിട്ടും മര്‍ദിച്ചു.

ജോബിച്ചന്റെ ഇടത് കാലിന്റെ പാദത്തിന് മുകളിലുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് പരിക്കേറ്റ് കിടന്ന ജോബിച്ചനെ പുല്പള്ളി പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോബിച്ചനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതുശ്ശേരി റോജി (45)യെ പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇവര്‍തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് റോജി പുല്പള്ളി പോലീസ് സ്റ്റേഷില്‍ വിളിച്ച് വാഹനം മറിഞ്ഞുവീണ് പരിക്കേറ്റ് ഒരാള്‍ വീടിന് സമീപമുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴാണ് പരിക്കേറ്റ് രക്തംവാര്‍ന്നുകിടക്കുന്ന ജോബിച്ചനെ കണ്ടത്. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നുതന്നെ റോജിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുല്പള്ളി എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ജോബിച്ചനും റോജിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം മുതലെടുത്ത് ജോബിച്ചന്റെ വസ്തു ഈടുവെച്ച് റോജി കെ.എസ്.എഫ്.ഇ.യില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തിരുന്നു. ഇതിന് പുറമേ പണമായും വന്‍തുക റോജി വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് , വാഹന , റെന്റ് എ കാര്‍ , ചിട്ടി ഇടപാടുകള്‍ നടത്തുന്ന റോജി പലര്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ജോബിച്ചന്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ മുമ്പ് സ്റ്റേഷനിലെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള ജോബിച്ചന്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!