ജനവാസ മേഖലയില്‍ കാട്ടാനകള്‍; വ്യാപക നാശനഷ്ടം

0

പുല്‍പ്പള്ളി ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളിറങ്ങി വ്യാപക നാശനഷ്ടം. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കുത്തി നശിപ്പിച്ചു. ചീയമ്പം 73 കോളനിയിലെ ബാബുവിന്റെ കാറാണ് തകര്‍ത്തത്. ബാബുവിന്റെ സഹോദരങ്ങളുടെ വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തും നിരവധി കൃഷികളും ആന പൂര്‍ണമായി നശിപ്പിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് രണ്ട് കാട്ടാനകള്‍ വീടുകള്‍ക്ക് സമീപമെത്തിയത്.

ബാബുവിന്റെ സഹോദരനായ രതീഷിന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തും മുറ്റത്തെ തെങ്ങും തോട്ടത്തിലെ നിരവധി മരങ്ങളും ആന കുത്തിമറിച്ചിട്ട് നശിപ്പിച്ചു. മറ്റൊരു സഹോദരന്‍ രഘുവിന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് ഉള്‍പ്പെടെയുള്ള കൃഷികളും ആനകള്‍ പൂര്‍ണമായി നശിപ്പിച്ചു. ബാബുവിന്റെ ഭാര്യ രാധ, മകള്‍ ആര്‍ഷ, സഹോദരന്‍ രതീഷ്, രതീഷിന്റെ ഭാര്യ അമ്മു, സന്തോഷ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിന് മുന്നില്‍ നിന്നും രക്ഷപെട്ടത്. ആന വനത്തിലേക്ക് പോയെന്ന് കരുതി വീടിന് പുറത്തിറങ്ങി സഹോദരന്റെ വീട്ടില്‍പ്പോയി മടങ്ങി വരുമ്പോഴായിരുന്നു മറ്റൊരാനയുടെ മുന്നിലകപ്പെട്ടത്. തുടര്‍ന്ന് ഓടി രതീഷിന്റെ വീട്ടിനുള്ളില്‍ കയറിയാണ് ഇവര്‍ രക്ഷപെട്ടത്.

ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് ഇവര്‍ പറഞ്ഞു. വനാതിര്‍ത്തിയിലെ കിടങ്ങ് പൂര്‍ണമായി തകര്‍ന്നുകിടക്കുന്നതാണ് കാട്ടാനയിറങ്ങുന്നതിന് കാരണം. തകര്‍ന്ന കിടങ്ങ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. ചീയമ്പം കാപ്പിത്തോട്ടത്തോട് ചേര്‍ന്ന ഈ മേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങുന്ന ശല്യക്കാരായ ആനകളെ അടിയന്തിരമായി ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആന ശല്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍പോകാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!