മഴക്കാലത്തെ കായ പൊഴിച്ചില്‍; നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ്

0

മഴക്കാലത്ത് കാപ്പി ചെടികളില്‍ കായ പൊഴിയുന്നതില്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ്. കായകളുടെ വളര്‍കച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും പ്രതികൂലമായ ഈ കാലാവസ്ഥയില്‍ അറബിക്ക, റോബസ്റ്റ ഇനങ്ങളില്‍ കറുത്ത അഴുകല്‍ ഞെട്ട് ചീയ്യല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നുണ്ട്. പൊതുവില്‍ 5 മുതല്‍ 8 ശതമാനം വരെ അറബിക്ക ഇനത്തിലും 10 മുതല്‍ 15 ശതമാനം വരെ റോബസ്റ്റ ഇനത്തിലും കായകള്‍ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള സ്വാഭാവിക കൊഴിഞ്ഞു പോക്കിലും കൂടുതലായി കായകള്‍ കൊഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ അത് പ്രതികൂല കാലാവസ്ഥ കാരണം ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊണ്ടോ മഴക്കാലത്ത് കണ്ട് വരുന്ന കറുത്ത അഴുകല്‍, ഞെട്ട് ചീയ്യല്‍ തുടങ്ങിയ രോഗങ്ങള്‍ കൊണ്ടോ ആയിരിക്കും. ഇത്തരത്തില്‍ അനിയന്ത്രിതവും അസ്വാഭാവികവുമായ കായകളുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ഷകര്‍ ചുവടെ ചേര്‍ത്തത് പ്രകാരമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

1. ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുക്കി കളയാനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുക.
2 കാപ്പിച്ചെടികളുടെ ചുവട്ടില്‍ നിന്ന് ചവറുകള്‍ നീക്കം ചെയ്ത് നാലു ചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റി വെക്കുക. ഇത് ചെടികളുടെ ചുവട്ടില്‍ അധികം വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ചെടികളുടെ ചുവട്ടില്‍ നിന്ന് വേഗത്തില്‍ അധിക ഈര്‍പ്പം മാറ്റുന്നതിനും സഹായിക്കും.
3 ചെടികളിലെ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതിന് അരയടി തുറക്കല്‍, കമ്പച്ചികറുകള്‍ നീക്കല്‍ എന്നിവ ചെയ്യേണ്ടതാണ്.
4. വേരിന്റെയും കായകളുടേയും വളര്‍ച്ച വേഗത്തിലാക്കുന്നതിന് ഏക്കര്‍ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കില്‍ മഴയുടെ ഇടവേളകളില്‍ പ്രയോഗിക്കേണ്ടതാണ്.
5. നിലവിലെ സാഹചര്യത്തില്‍ രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങള്‍ (ഇലകള്‍, കായകള്‍, കാപ്പിച്ചെടികളില്‍ വീണു കിടക്കുന്ന തണല്‍ മരങ്ങളുടെ ഇലകള്‍ ) ശേഖരിച്ച് മണ്ണില്‍ കുഴിച്ചു മൂടി നശിപ്പിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിന് ഇത് സഹായകമാകും.
6. രോഗബാധിതമായ ചെടികളുടെ വിവിധ ഭാഗങ്ങള്‍ മാറ്റിയതിനു ശേഷം മഴ വിട്ടുനില്‍ക്കുന്ന സമയത്ത് കുമിള്‍നാശിനിയായ പൈറോക്ലോസ്‌ട്രോബിന്‍ ,+ എപോക്‌സികൊണസോള്‍ (ഓപ്പറ ) അല്ലെങ്കില്‍ ടെബുകോണസോള്‍ 25.9% ഇസി (ഫോളിക്കൂര്‍ ) 200 മില്ലി 200 ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി പ്ലാനോഫിക്‌സും ലഭ്യമായ ഏതെങ്കിലും വെറ്റിംഗ് ഏജന്റും ചേര്‍ത്ത് സ്‌പ്രേ ചെയ്യേണ്ടതാണ്.

കായ പൊഴിയുന്നതും രോഗം പടരുന്നതും കുറയ്ക്കുന്നതിന് ഇലകളുടെ രണ്ടു വശങ്ങളിലും വളര്‍ന്നു വരുന്ന കായകളിലും തളിരുകളിലും സ്‌പ്രേ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് ജോയന്റ് ഡയറക്ടര്‍ ഡോ.കറുത്ത മണി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!