അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും; രാഹുല്‍ ഗാന്ധി

0

ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറായില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകന് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. കര്‍ഷകര്‍ക്കാവശ്യമായ നിയമപരിരക്ഷ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പുല്പള്ളിയില്‍നടന്ന കര്‍ഷക റാലിയ്ക്ക് ശേഷം ജനങ്ങളെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചയ്ക്ക് 12.30ഓടെ താഴെയങ്ങാടിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ നൂറുകണക്കിന് കര്‍ഷകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗണ്‍ ചുറ്റി അനശ്വര ജങ്ഷനില്‍ സമാപിച്ചു. പുല്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ യു.ഡി.എഫ്. പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണു ഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാദ് എം.എല്‍.എ., ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ടി. സിദ്ദീഖ് എം.എല്‍.എ., എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ് തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!