ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ:ഒടുവില്‍ കടുവ കൂട്ടില്‍
ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ. വനം വകുപ്പിൻ്റെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ച് കടുവയെ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രൻ്റെ കിണറ്റിൽ കടുവ അകപ്പെട്ടത്.
രാത്രി മോട്ടോർ ഓണാക്കിയെങ്കിലും ടാങ്കിൽ വെള്ളമെത്തിയില്ല. രാവിലെ 7 മണിയോടെ കിണറ്റിൽ വെള്ളം കുറഞ്ഞോ എന്ന് നോക്കാനെത്തിയതാണ് ശശീന്ദ്രൻ്റെ ഇളയമകൻ ശ്രീരാജിൻ്റെ ഭാര്യ സിനൂജ. വീടിനടുത്ത് നിന്ന് 150 മീറ്ററോളം മാറിയാണ് കിണറുള്ളത്. കിണറിൻ്റെ മുകളിൽ വിരിച്ച പ്ലാസ്റ്റിക്ക് നെറ്റ് തകർന്ന് കിടക്കുന്നത് കണ്ടാണ് കിണറിലേക്ക് നോക്കിയത്. ആദ്യം വാൽ കണ്ടു. സംശയം തീർക്കാൻ ഒന്നുകൂടി നോക്കി. കടുവയാണെന്ന് കണ്ടതോടെ വേഗം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വന്യമൃഗശല്യത്താൽ പൊറുതിമുട്ടുകയാണ് നാട്. അതിനിടയിലാണ് കിണറ്റിൽ കടുവ വീണത്. വിവരമറിഞ്ഞ് സൗത്ത് വയനാട് ഡി എഫ്.ഒ ഷജ്ന കരീം, റെയ്ഞ്ച് ഓഫീസർ അബ്ദുസമദ്, ഫോറസ്റ്റ് വെറ്ററനറി ഓഫീസർ ഡോ: അജേഷ് മോഹൻ,കേണിച്ചിറ പോലീസ് സ്റ്റേഷനിലെ Sl അബ്ദുൾ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തി. തുടർന്ന് കടുവയെ പുറത്തെത്തിക്കാനുള്ള നീണ്ട പരിശ്രമമാണ് നടന്നത്.
15 അടി താഴ്ചയുള്ള കിണറിൽ 5 അടിയോളം വെള്ളം നിറഞ്ഞ കുട്ടി റിംഗിന് മുകളിലാണ് കടുവ നിലയുറപ്പിച്ചിരുന്നത്. മയക്ക് വെടിവെച്ചാൽ കടുവ വെളളത്തിൽ വീഴുമെന്നതിനാൽ കരുതലോടെയാണ് വനം വകുപ്പ് രക്ഷാപ്രവർത്തനം നടത്തിയത്.അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വനം വകുപ്പിൻ്റെ വലയിൽ കടുവ കുരുങ്ങിയെന്ന് ഉറപ്പായതോടെയാണ് സുരക്ഷയെ കരുതി മയക്കുവെടിവെച്ച് പുറത്തെത്തിച്ചത്. കൂട്ടിലാക്കിയ കടുവയെ കുപ്പാടിയിലെ വന്യമൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.