ദേവസ്വത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

0

സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി ലീസിന് നല്‍കിയ ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 73 സെന്റ് സ്ഥലമാണ് 33 വര്‍ഷത്തേക്ക് നല്‍കാന്‍ ദേവസ്വവും പഞ്ചായത്തും തമ്മില്‍ ലീസ് കരാറുണ്ടാക്കിയത്.തുടര്‍ന്ന് ദേവസ്വം ഭൂമി നിരത്തി ബസ് പാര്‍ക്കിങും ആരംഭിച്ചിരുന്നു. വിശ്വാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി മറ്റിതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്താണ് ക്ഷേത്ര സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.

ക്ഷേത്ര ഭൂമി നഷ്ടപ്പെടുത്താന്‍ ഒരു കാരണവശ്ശാലും അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ഭൂമി കൈമാറ്റം ചെയ്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ദേവസ്വം ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2017ല്‍ ദേവസ്വത്തിന്റെ 35 സെന്റ് സ്ഥലം പഞ്ചായത്തിന് തീറുവിലയ്ക്ക് വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ബത്തേരി മുന്‍സിപ്പല്‍ കോടതിയെ സമീപിച്ചപ്പോള്‍ ഭൂമി വില്പന നടത്താനുള്ള നീക്കം തടഞ്ഞു. കോടതിയിലെ വിചാരണയില്‍ ക്ഷേത്ര ഭൂമി വില്‍ക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ 2022ല്‍ ദേവസ്വം ഭൂമി പഞ്ചായത്തിന് ലീസ് നല്‍കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ലീസ് നല്‍കിയ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ദേവസ്വം വീണ്ടും ക്ഷേത്ര ഭൂമി പഞ്ചായത്തിന് ലീസിന് നല്‍കിയിരിക്കുകയാണ്. ദേവസ്വം ഭൂമി ക്ഷേത്രാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ, നടപടി ക്രമങ്ങള്‍ പാലിക്കാതെ സ്ഥലം കൈമാറിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പി.ആര്‍. സുബ്രഹ്‌മണ്യന്‍, എന്‍. കൃഷ്ണക്കുറുപ്പ്, കെ.കെ. കൃഷ്ണന്‍കുട്ടി, വി.പി. പത്മനാഭന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!