പുല്‍പ്പള്ളി പാക്കം,പുഴമൂല പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കുറുവാ വനത്തില്‍ നിന്നിറങ്ങിയ കാട്ടാനകളാണ് പ്രദേശത്തെ നിരവധി കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചത്. വനാതിര്‍ത്തിയിലുള്ള ട്രഞ്ചും ഫെന്‍സിങും തകര്‍ന്നു കിടക്കുന്നതാണ് കാട്ടാനകള്‍ കൂട്ടമായി കൃഷിയിടത്തിലിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം പാക്കത്തെ പ്രേമലതയുടെ കൃഷിയിടത്തിലെ നിരവധി തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വേനലാരംഭിച്ചതോടെ ആനകള്‍ കൂട്ടമായി കൃഷിയിടത്തിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകല്‍ പോലും ആനകള്‍ കൃഷിയിടത്തിലെത്താന്‍ തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തരമായി തകര്‍ന്നുകിടക്കുന്ന ട്രഞ്ചും ഫെന്‍സിങും നന്നാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.