എന്‍ ഊര് പൈതൃക ടൂറിസം പദ്ധതിയില്‍ ജില്ലയിലെ ആദിവാസി വിഭാഗങ്ങളെ തഴയുന്നതായി പരാതി. സിഇഒ തസ്തികയിലേക്ക് പണിയ വിഭാഗത്തില്‍ നിന്നുള്ള എംബിഎ ബിരുദധാരിയെ മാറ്റിനിര്‍ത്തി ജില്ലയ്ക്ക് പുറത്തുള്ള മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നതായാണ് ആരോപണം. റാങ്ക്‌ലിസ്റ്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് ജില്ലയിലെ ആദിവാസി സംഘടനകള്‍.
വയനാട് എന്ന പരിഗണന മറികടന്ന് ഇതരജില്ലക്കാരന് അവസരം നല്‍കിയതായാണ് പരാതി. റാങ്ക് പട്ടികയില്‍ വയനാട്ടില്‍ നിന്നും പണിയ വിഭാഗത്തിലുള്‍പ്പെട്ടയാളെ രണ്ടാമതാക്കിയെന്നും രാഷ്ട്രീയ ഇടപടെല്‍ ഇതിന് പിന്നിലുണ്ടെന്നുമാണ് ആരോപണം. പദ്ധതിയിലെ നിയമനങ്ങളില്‍ തദ്ദേശീയരും അതി പിന്നാക്കം നില്‍ക്കുന്നവരുമായ പണിയ, അടിയ, കാട്ടുനായിക്ക, വേട്ടകുറുമ വിഭാഗങ്ങളോട് അവഗണന തുടരുകയാണെന്നും പരാതിയുണ്ട്.
പാനലില്‍ എം.ബി.എ യോഗ്യതയുള്ള നാലുപേരില്‍ രണ്ടുപേര്‍ വയനാട്ടില്‍ നിന്നുള്ളവരാണ്. ഇതില്‍ ഒരാള്‍ പണിയ വിഭാഗത്തില്‍ നിന്നുള്ളയാളും മറ്റൊരാള്‍ കുറിച്യ സമുദായാംഗമാണ്. അതി പിന്നോക്ക വിഭാഗം എന്ന നിലയില്‍ പണിയ വിഭാഗത്തെ പരിഗണിക്കുന്നതിന് പകരം ഇതര ജില്ലക്കാരനെ പരിഗണിച്ചു എന്നാണ്പരാതി. വിഷയമുയര്‍ത്തി എന്‍ ഊരിന് മുന്നില്‍ കാട്ടുനയിക്കന്‍, അടിയന്‍, പണിയന്‍, ഊരാളി, വേട്ടക്കുറുമന്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.