ജനകീയ ശ്രദ്ധനേടി മെഗാ മെഡിക്കല്‍ ക്യാമ്പ്

0

മാനന്തവാടി: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ മുതല്‍ നിറഞ്ഞ പങ്കാളിത്തമാണ് ആരോഗ്യമേളയിലുണ്ടായത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി ആളുകള്‍ ആരോഗ്യ സേവനം ഉപയോഗപ്പെടുത്താന്‍ എത്തി. ആരോഗ്യമേളയില്‍ ആകെ 8,900 പേര്‍ ചികിത്സ തേടി. സൗജന്യ തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനായി 1654 രോഗികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. രാവിലെ എട്ടുമണിയോടെ ആരംഭിച്ച ക്യാമ്പ് വൈകിട്ട് മൂന്നരയോടെയാണ് സമാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് ജില്ലയില്‍ സംഘടിപ്പിച്ചത്. ആരോഗ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയുടെ അധ്യക്ഷതയില്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

നൂറിലധികം ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധന്‍മാരുടെയും സേവനം ക്യാമ്പില്‍ ലഭ്യമാക്കി. എറണാകുളത്തു നിന്നുമാത്രം 65 ഡോക്ടര്‍മാര്‍ എത്തി. കൂടാതെ ജില്ലാ ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഡിഎം വിംസ്, കോംട്രെസ്റ്റ് ഐ കെയര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും ക്യാമ്പിന്റെ ഭാഗമായി. ഓരോ ചികിത്സാ വിഭാഗങ്ങള്‍ക്കും പരിശോധനകള്‍ക്കും പ്രത്യേകം സംവിധാനങ്ങളും ക്യാമ്പിലൊരുക്കിയിരുന്നു. ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് വീല്‍ചെയറും ആംബൂലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ആശ്വാസമായി. മരുന്നു വിതരണത്തിന് പ്രത്യേകം ഫാര്‍മസികളുമുണ്ടായിരുന്നു. ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗം, ത്വക് രോഗം, ഇഎന്‍ടി, ശിശുരോഗം, ഗൈനക്കോളജി, കാന്‍സര്‍, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദര രോഗം, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളില്‍ ചികില്‍സ ലഭ്യമാക്കി. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എക്‌സ് റേ, ഇസിജി, എക്കോ ടെസ്റ്റ് തുടങ്ങിയ വൈദ്യ സഹായങ്ങളും ഉറപ്പാക്കി. തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള തുടര്‍ചികിത്സയും നല്‍കും. തുടര്‍ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നത് ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡാണ്. കേരളത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച എട്ട് പ്രദേശങ്ങളിലാണ് കൊച്ചിന്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. നാലാമത്തെ ക്യാമ്പാണ് മാനന്തവാടിയില്‍ സംഘടിപ്പിച്ചത്.

മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, വൈസ് ചെയര്‍പേഴ്സണ്‍ ശോഭാ രാജന്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ഐ.എം.എ കൊച്ചിന്‍ പ്രസിഡണ്ട് ഡോ. ജുനൈദ് റഹ്മാന്‍, ഡി.എം വിംസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, ബി.പി.സി.എല്‍ പ്രതിനിധി ആര്‍. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!