ധനുമാസരാവില്‍ കുളിച്ച് തൃക്കാളി സ്വയംഭൂ ശിവക്ഷേത്രം
ധനുമാസരാവില്‍ ജില്ലയിലെ 25 ക്ഷേത്രങ്ങളിലെ മാതൃസമിതി അംഗങ്ങള്‍ തിരുവാതിര ചുവട് വെച്ചപ്പോള്‍ തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ നടന്ന തിരുവാതിരകളി മത്സരം ജില്ലയിലെ ക്ഷേത്ര ഉത്സവ ചരിത്രത്തില്‍ പുതു ചരിത്രം എഴുതി. തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ധനുമാസരാവ് 2023 തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചത്. തിരുവാതിര മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ വൈകീട്ട് 4 മണിയോടെ ആരംഭിച്ച മത്സരം രാത്രി 11 മണി വരെ നീണ്ടു നിന്നു.കുഞ്ഞോം ഭഗവതിക്കാവ് ശിവക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്രം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആദ്യ രജിസ്റ്റര്‍ ചെയ്ത 25 ടീമുകള്‍ക്കായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. തിരുവാതിരകളി മത്സരത്തിന്റെ ഉദ്ഘാടനം വള്ളിയൂര്‍ക്കാവ് ക്ഷേത്രം മുന്‍ ട്രസ്റ്റി എന്‍.കെ മന്‍മഥന്‍ തിരുവാതിര വിളക്ക് കൊളുത്തി നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്രം തന്ത്രി മഴുവന്നൂര്‍ ഇല്ലം ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി നിര്‍വഹിച്ചു. ക്ഷേത്രം സെക്രട്ടറി ഇ.കെ ഗോപി, സലാം സെഞ്ച്വറി ഫാഷന്‍ സിറ്റി, നിസാര്‍ സഹകാര്‍ മെഡിക്കല്‍ സ് & സര്‍ജിക്കല്‍സ്, രാജേഷ് വിഷന്‍ ഒപ്റ്റിക്കല്‍സ്, ഷാജി ജോസഫ് റോയല്‍ സ്‌പൈസ് , ആഘോഷ കമ്മിറ്റി ഭാരവാഹികളായ സൂരജ്, മോഹനന്‍ മാസ്റ്റര്‍ , വി. ആര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.