പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും, അന്തര്‍ദേശീയ സെമിനാറും പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ നവംബര്‍ 17 മുതല്‍ 19 വരെയാണ് വാര്‍ഷിക കോണ്‍ഗ്രസ് നടക്കുന്നത്. വെറ്ററിനറി മേഖലയുടെ അതിരുകളില്ലാത്ത ചക്രവാളങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര സമ്മേളനം.മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.
വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥ് മുഖ്യാതിഥിയായ ഉദ്ഘാടന സമ്മേളനത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ പ്രദര്‍ശന പരിപാടിയുടെ ഉദ്ഘാടനവും, ഒ ആര്‍ കേളു എം. എല്‍. എ കോംപെന്‍ഡിയം പ്രകാശനവും, വാഴൂര്‍ സോമന്‍ എം.എല്‍.എ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും നിര്‍വ്വഹിക്കും. ചെയര്‍മാന്‍ ഡോ.എം.കെ.നാരായണന്‍, ഓര്‍ഗനൈസിംങ് സെക്രട്ടറി ഡോ. എസ് മായ, ഡോ.എം പ്രദീപ്, ഡോ.ആര്‍ സെന്തില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍. മോഹനന്‍, ജനറല്‍ സെക്രട്ടറി ഡോ. എ. ഇര്‍ഷാദ്, ഓര്‍ഗനൈസിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഡോ. എം. കെ. നാരായണന്‍. സെക്രട്ടറി ഡോ. എസ്. മായ എന്നിവരും വെറ്റിനറി സര്‍വ്വകലാശാലയിലെയും മൃഗസംരക്ഷണ മേഖലയിലെ സ്ഥാപനങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. അഭിജിത്ത് മിത്ര നവംബര്‍ 18 ന് ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ നിരവധി ചികിത്സകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് പതിനേഴാം തീയതി കര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമുള്ള സെമിനാറും സംഘടിപ്പിക്കും. അടിസ്ഥാന വെറ്ററിനറി വിഷയങ്ങളും മൃഗാരോഗ്യവും മുതല്‍ കാലാവസ്ഥാ വ്യതിയാനവും ഏകാരോഗ്യവും വരെയുള്ള ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.