കല്‍പ്പറ്റ ബൈപ്പാസില്‍ സ്‌നേഹം ഇവന്റ്‌സ് ഒരുക്കുന്ന വയനാട് പുഷ്‌പോത്സവം നവംബര്‍ 23നു തുടങ്ങുമെന്ന് സ്വാഗതസംഘ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 10 വരെ നീളുന്ന മേളയില്‍ രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവേശനം. ജില്ലാ ആസ്ഥാനം ഇതുവരെ ദര്‍ശിക്കാത്ത രീതിയിലാണ് ഇത്തവണ പുഷ്‌പോത്സവം ഒരുങ്ങുന്നതെന്നും, ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ വയനാട്ടില്‍ ഇതാദ്യമായാണ് അരലക്ഷം ചതുരശ്ര അടിയില്‍ പുഷ്‌പോത്സവം ഒരുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ അഫ്‌സല്‍ തെരുവത്ത്, സെക്രട്ടറി ആര്‍. രമേഷ് റാട്ടക്കൊല്ലി, കിരണ്‍ കുമാര്‍, പി കെ ഷൗക്കത്ത് പഞ്ചളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള നിറങ്ങള്‍ വിതറുന്ന പൂക്കളും വ്യത്യാസങ്ങളായ ഫലങ്ങളും, ചെടികളും മൈതാനിയില്‍ നിറഞ്ഞിരിക്കുകയാണ്.
അന്‍പതിലേറെ വരുന്ന ഉപഭോക്തൃസ്റ്റാളുകള്‍ മേളയുടെ പ്രത്യേകതകളില്‍ ഒന്നാണ്. നിത്യോപയോഗ അലങ്കാര സാധനങ്ങള്‍ വളരെ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാനാകും. വിശാലമായ ഫൂഡ് കോര്‍ട്ടാണ് മറ്റൊരാകര്‍ഷണം. വയനാടന്‍ വിഭാവങ്ങള്‍ക്ക് പുറമേ കേരളീയ, ഇന്ത്യന്‍, വിദേശ ഭക്ഷണങ്ങളും ഇവിടെനിന്നും ലഭിക്കും. മരണക്കിണര്‍, ജയ്റ്റില്‍ ബ്രേക്ക് ഡാന്‍സ്, കൊളംബസ്, ഡ്രാഗണ്‍ ട്രെയിന്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്കും വയനാട്ടില്‍ ഇതാദ്യമായി എത്തുകയാണ്. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കൊക്കെ വൈവിധ്യമാര്‍ന്ന വിനോദോപാധികളില്‍ എര്‍പ്പെടാനുള്ള അവസരവും മേള ഒരുക്കുന്നുണ്ട്.
എല്ലാ ദിവസവും സായാഹ്നം സമ്പന്നമാക്കാനുള്ള സ്റ്റേജ് പ്രോഗ്രാമുകള്‍ ഒരുക്കുന്നുണ്ട്. വയനാട്ടിലെയും കേരളത്തിലെയും പ്രമുഖരും പ്രഗത്ഭരുമായ കലാകാരന്മാര്‍ വിവിധങ്ങളായ പരിപാടികളില്‍ പങ്കാളികളാവും. അത്തരം പ്രതിഭകളെ നേരില്‍ കാണാനുള്ള അവസരവും ഇത്തവണത്തെ പുഷ്‌പോത്സവം ഒരുക്കുന്നുണ്ട്. ഗെയിം ഷോകളും നഴ്‌സറികളും കാണികളെ ആകര്‍ഷിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.