ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ നിയമന ഫയല്‍ തടഞ്ഞു:മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം ശക്തം.
വയനാട് മെഡിക്കല്‍ കോളേജിലേക്കുള്ള ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം തടഞ്ഞ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി അനില്‍കുമാറിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഒപിയില്‍ ഡ്യൂട്ടിക്കായി നിയമിക്കേണ്ട നാല് തസ്തികളുടെ ഫയലാണ് പ്രിന്‍സിപ്പല്‍ അകാരണമായി തടഞ്ഞ് വെച്ചത്.
ഇത് സംബന്ധിച്ച ഫയല്‍ ഈ മാസം ആദ്യം പ്രിന്‍സിപാലിന്റെ മേശപ്പുറത്തെത്തിയിരുന്നെങ്കിലും ഇദ്ദേഹം ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. നിലവില്‍ ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ എട്ടോളം പോസ്റ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഡോക്ടര്‍മാരുടെ ലിസ്റ്റ് നിലവില്‍ മെഡിക്കല്‍കോളേജ് ഓഫീസിലുമുണ്ട്. അകാരണമായി ഫയല്‍ പിടിച്ചുവെക്കുക മാത്രമല്ല പല ദിവസങ്ങളിലും ഡോ വി അനില്‍കുമാര്‍ അനധികൃത അവധിയിലുമാണ്. ഇത് സംബന്ധിച്ച് അന്വേഷിച്ച പൊതുപ്രവര്‍ത്തകരോട് ഫോണിലൂടെ പ്രിന്‍സിപ്പല്‍ മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ജസ്റ്റിന്‍ ബേബിയുടെ നേതൃത്വത്തില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ കെടുകാര്യസ്ഥതയാണ് നിയമനത്തിന് തടസമെന്നും, ഇത് സംബന്ധിച്ച പരാതി വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും സിപിഐ(എം) നേതാക്കള്‍ പറഞ്ഞു.