കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ ആര്‍ക്കും സൗജന്യ ചികിത്സ നല്‍കില്ലെന്നു കോവിഡ് അവലോകന സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ വാക്‌സീന്‍ എടുക്കാത്തവര്‍ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയേ ജോലിക്ക് ഹാജരാകാവൂ. ഒമിക്രോണ്‍ ഭീഷണി കൂടിയാണ് നിലപാടു കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിര്‍ബന്ധിത വാക്‌സിനേഷനു നിയമമില്ലാത്തതിനാലാണ് സമ്മര്‍ദ തന്ത്രമെന്ന നിലയിലുള്ള നീക്കം.
വാക്‌സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ
ഗുരുതര രോഗങ്ങള്‍, അലര്‍ജി മുതലായ കാരണങ്ങളുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവു നല്‍കേണ്ടി വരും. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാനുള്ളവരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഗൗരവപൂര്‍വം ഇടപെടണമെന്നാണു നിര്‍ദേശം. ഇന്നു മുതല്‍ 15 വരെ ആരോഗ്യവകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും.