കാര്‍ബണ്‍ ന്യൂട്രല്‍  പഞ്ചായത്താകാന്‍ തിരുനെല്ലി;  ജനകീയ ശില്‍പ്പശാല നടത്തി

0

കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ ഒരുങ്ങി തിരുനെല്ലി ഗ്രാമ പഞ്ചായത്തും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ജനകീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള ഹരിത കേരളമിഷന്‍ പദ്ധതിയിലൂടെ കേരളത്തെ 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ മേഖലയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് തിരുനെല്ലി പഞ്ചായത്ത് ശില്‍പ്പശാല സംഘടിപ്പിച്ചത്.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ജയകുമാര്‍ വിഷയാവതരണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പദ്ധതി അനുഭവ വിശദീകരണം നടത്തി. സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് ജോസ് മാത്യു മുഖ്യാതിഥിയായി. ശില്‍പ്പശാലയുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണം, ഊര്‍ജം, കൃഷി, കാലാവസ്ഥ, നീരുറവ എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ്തല ചര്‍ച്ചയും സംഘടിപ്പിച്ചു. ചര്‍ച്ചകളുടെ ക്രോഡീകരണത്തിന് പ്രൊഫ. പി.കെ പ്രസാദന്‍, ഡോ. ജോസഫ് ജെ. എരിഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം വിമല, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.കെ രാധാകൃഷ്ണന്‍, റുഖിയ സൈനുദ്ദീന്‍, പി.എന്‍ ഹരീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!