പ്രവാസി മലയാളി ജോയ് അറക്കലിനെ ആദരിച്ചു
മാനന്തവാടി: സാമൂഹ്യ സാംസ്‌ക്കാരിക സേവനമേഖലകളില്‍ സഹായഹസ്തമായ പ്രവാസി മലയാളി ജോയ് അറക്കലിനെ ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ സേവന മേഖലകളില്‍ സഹായഹസ്തമാണ് പ്രവാസി മലയാളിയായി ജോയ് അറക്കല്‍. ഇക്കഴിഞ്ഞ പ്രളയത്തില്‍ നിരവധിയായ സഹായങ്ങളാണ് ജോയി അറക്കല്‍ ചെയ്തത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണത്തിനായി 12 ലക്ഷം രൂപ നല്‍കിയതിനു പുറമെ ഒരു ഡയാലിസിസ് യൂണിറ്റും അതിന് പുറമെ 5 കട്ടിലും കൂടി ജോയി അറക്കല്‍ സംഭാവന ചെയ്തിട്ടുണ്ട്. കൊയ്‌ലേരി ഉദയ വായനശാല ഭാരവാഹികളുടെ പ്രചോദനമാണ് ജോയ് അറക്കലിന് സേവനമേഖലകളിലേക്ക് കടന്നു വരാന്‍ പ്രചോദനമായത്. അടുത്ത മാസങ്ങളില്‍ 6 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്താനും ജോയി അറക്കല്‍ മുന്നോട്ട് വന്നിട്ടുണ്ട് കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട 30 കുടുബങ്ങള്‍ക്ക്10 സെന്റ് വീതം ഭൂമിയും നല്‍കാന്‍ ജോയ് അറക്കല്‍ തീരുമാനിച്ചിട്ടുണ്ട്. ആദരിക്കല്‍ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, ജില്ലാ ആശുപത്രി ആര്‍.എം.ഒ.ഡോ. അബ്ദുറഹീം കപൂര്‍, ഡോ.ധന്യാ ജോസ്, ജില്ലാ ആശുപത്രി നഴ്‌സിംഗ് സുപ്രണ്ട്.പി.പി.സിസിലി, പി.വി.എസ്.മൂസ, കമ്മനമോഹനന്‍, കൈപ്പാണി ഇബ്രാഹീം, അറക്കല്‍ ഉലഹനാന്‍, എം.ജി ബിജു, അറക്കല്‍ ജോണി, എം.പി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.