പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു : മന്ത്രി വി എന്‍ വാസവന്‍

0

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്തട്ടിപ്പ് ,സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും, കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. യു ഡി എഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികള്‍ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വര്‍ഷത്തില്‍ നടന്നിട്ടുള്ള വായ്പാ ഇടപാടുകളില്‍ ബിനാമി വായ്പകള്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കല്‍, നിയമവിരുദ്ധമായി പ്രോപര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല്‍ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്‍കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

 

ഇതുസരിച്ച് നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കര്‍ഷകന്റെ ആത്മഹത്യ ഉണ്ടായത്. അതിനുശേഷം തട്ടിപ്പ് കൂടുതല്‍ വ്യാപകമായി നടന്നു എന്ന സൂചനകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ തീരുമാനം എടുത്തത്. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ റ്റി. അയ്യപ്പന്‍ നായര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍. വി.സജികുമാര്‍, രാജാറാം. ആര്‍, ജ്യോതിഷ് കുമാര്‍.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്കിലെ വായ്പാ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തിബാദ്ധ്യതകള്‍, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകള്‍ക്കും രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!