ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുഖം മിനുക്കുന്നു. ചെറുകാട്ടൂരിനെ കൂടാതെ രണ്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാവുകയാണ്. കല്‍പ്പറ്റ, കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഡിസംബര്‍ 29 നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ നോര്‍ത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഇ-ഓഫീസ് നിര്‍മ്മാണ പ്രവൃത്തികളും ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടൊപ്പം പൊതുജന സൗഹാര്‍ദത്തോട് കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ രൂപകല്‍പ്പന. കല്‍പ്പറ്റ വില്ലേജിന്റെ ഉദ്ഘാടനം ടൗണ്‍ ഹാളിലും കുപ്പാടിയിലേത് വില്ലേജ് ഓഫീസ് പരിസരത്തുമാണ് നടക്കുക. കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് നാല്‍പ്പത് ലക്ഷം രൂപയും കുപ്പാടി ഓഫീസിന് 36,89,350 രൂപയുമാണ് ചെലവഴിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പൊതുജനങ്ങള്‍ക്ക് വിശാലമായ ഇരിപ്പിടങ്ങളോടുകൂടി വെയ്റ്റിങ് ഏരിയ, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, അംഗപരിമിതര്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കുന്നതിനായി ബാരിയര്‍ ഫ്രീ റാമ്പ് സൗകര്യം എന്നിവ ഈ വില്ലേജ് ഓഫീസുകളുടെ പ്രത്യേകതകളാണ്. ഹെല്‍പ് ഡെസ്‌ക്, റെക്കോര്‍ഡ് റൂം, നെറ്റ്വര്‍ക്ക് കേബിളിങ്, യുപിഎസ് വര്‍ക്ക് സ്റ്റേഷന്‍, ആധുനിക രീതിയിലുള്ള ഓഫീസ് ചെയര്‍, വിസിറ്റേഴ്സ് ചെയര്‍, റെക്കോര്‍ഡ് റൂമിലെ സ്റ്റോറേജ് സൗകര്യങ്ങള്‍ തുടങ്ങിയവ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കല്ല് പാകിയും പുല്ല് പിടിപ്പിച്ചും ഭംഗിയാക്കിയ മുറ്റം ഓഫീസ് കെട്ടിടത്തിന് മാറ്റുകൂട്ടുന്നു. കുഴല്‍ക്കിണര്‍, മോട്ടോര്‍, വാട്ടര്‍ടാങ്ക് എന്നിവ അടക്കമുള്ള പ്ലംബിങ് സൗകര്യങ്ങളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടോയ് ലറ്റുകളും കെട്ടിടത്തിലുണ്ട്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു. വാല്യുവേഷന്‍ പ്രകാരമുള്ള തുക അധിമായതിനാല്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള ലേല നടപടികള്‍ തടസ്സപ്പെടുകയും നിര്‍മ്മാണം തുടങ്ങാന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം നിര്‍മ്മാണ ചുമതലയുളള നിര്‍മ്മിതികേന്ദ്രം തന്നെ കെട്ടിടം പൊളിച്ചുനീക്കി. തുടര്‍ന്ന് ഇക്കൊല്ലം മാര്‍ച്ചിലാണ് പ്രവൃത്തി ആരംഭിച്ചത്.