കുടുംബശ്രീയുടെ കരുതലില്‍ വത്സലയ്ക്ക് വീടൊരുങ്ങി

0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ കരുതലില്‍ നിര്‍ദ്ധനയായ വത്സലയുടെ കുടുംബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോല്‍ദാനം പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു. അറുപതുകാരിയായ കോട്ടൂര്‍ തെക്കേതില്‍ വത്സലയ്ക്കാണ് കുടുംബശ്രീ വീടുവച്ചു നല്‍കിയത്. നാലു ലക്ഷം രൂപ ചെലവാക്കി 450 സ്വകയര്‍ ഫീറ്റിലാണ് മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയായ വീട് കൈമാറിയതെന്ന് പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മോളി ജോര്‍ജ്ജ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ പ്രചോദനമാണ് ഇതിനു പ്രേരണയായത്. പഞ്ചായത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളും 100 രൂപ സ്വരുകൂട്ടിയാണ് മാതൃകാപരമായ പ്രവൃത്തി സഫലീകരിച്ചത്. ജില്ലയില്‍ മുള്ളന്‍കൊല്ലി, മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റും സമാനമായ രീതിയില്‍ നിര്‍ദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി വീടുനിര്‍മിച്ചു നല്‍കുന്നുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡ് സിഡിഎസ് അംഗങ്ങളുടെ എക്സിക്യൂട്ടിവ് യോഗ പ്രകാരമാണ് ഗുണഭോക്താവിനെ കണ്ടെത്തിയത്. സ്വന്തമായി സ്ഥലമുള്ളവരും സര്‍ക്കാരിന്റെ മറ്റു വീട് നിര്‍മ്മാണ പദ്ധതികളില്‍ ഗുണഭോക്താക്കളല്ലാത്തവരും സ്വന്തമായി വീട് നിര്‍മിക്കാന്‍ ശേഷിയില്ലാത്തവരുമായവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു 2017 പകുതിയോടെ തുടങ്ങിയ വീടു നിര്‍മ്മാണം 2018 ജൂലൈയില്‍ പൂര്‍ത്തീകരിച്ചിരുന്നു. പുല്‍പ്പള്ളി ഏഴാം വാര്‍ഡ് സ്വദേശി ബാബുലയനാണ് വീടു നിര്‍മ്മാണം കരാറേറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ 2.17 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കുടുംബശ്രീ അക്കൗണ്ടന്റ് ഷിബിന്‍ ജോസഫ്, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!