പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു യുവാക്കളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പനമരം സ്വദേശികളായ കീഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിര്‍ കീഞ്ഞുകടവ് തോട്ടുമുഖം വീട്ടില്‍ മുനവിര്‍ എന്നിവരാണു പിടിയിലായത്. പതിനഞ്ചും പതിനാലും വയസുള്ള പെണ്‍കുട്ടികളാണ് കെണിയില്‍ വീണത്. പെണ്‍കുട്ടികള്‍ രണ്ടുപേരും ഒരേ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. സൗഹൃദം നടിച്ചാണ് ഇവരെ പനമരം സ്വദേശികളായ മുഹമ്മദ് മുബഷിര്‍, മുനവിര്‍ എന്നിവര്‍ വലയില്‍ വീഴ്ത്തിയത്. കഴിഞ്ഞ മാസം 29 നായിരുന്നു പനമരം എരനെല്ലൂരില്‍ നിന്നും വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോയത്. മൈസൂരിലേക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കറങ്ങാനായിരുന്നു പദ്ധതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറി. മൂന്ന് ദിവസം മുമ്പ് ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. പനമരത്ത് വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ കല്‍പ്പറ്റയിലെ പോക്സോ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.