ഫണ്ടുകള്‍ തീര്‍ന്നതോടെ നൂല്‍പ്പുഴയില്‍ ഗോത്രവിഭാഗങ്ങളുടെ ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം താളംതെറ്റി. തുക ലഭിക്കാതായതോടെ കഴിഞ്ഞ ആറ്മാസമായി മിക്കവീടുകളും തറയിലും, ചുമര്‍, ലിന്റല്‍പൊക്കത്തിലുമായി കിടക്കുകയാണ്. ഈ കുടുംബങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന താല്‍ക്കാലിക കൂരക്കുള്ളിലാണ്. മഴക്കാലത്തിനുമുമ്പ് ഫണ്ടുകള്‍ നല്‍കി വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
ഫണ്ടുകള്‍ തീര്‍ന്നതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മാണം ആരംഭിച്ച ഗോത്രകുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ലൈഫ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഫണ്ട് ലഭിക്കാത്തതാണ് ഇതിനുകാരണം. കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയില്‍ മാത്രം 20 വീടുകളാണ് ഫണ്ടില്ലാത്തിനാല്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്നത്.
മിക്കതും തറയിലും, ചുമര്‍പൊക്കത്തിലും, ലിന്റല്‍ വാര്‍ത്തവുമായാണ്. തുടര്‍ന്നുള്ള നിര്‍മ്മാണത്തില്‍ ഫണ്ട് ലഭിക്കാത്തത് കാരണം കഴിഞ്ഞ അഞ്ചരമാസമായി തുടര്‍ പ്രവര്‍ത്തികള്‍ നടന്നിട്ടില്ല. കുടുംബങ്ങള്‍ നിലവില്‍ താമസിച്ചിരുന്ന ജീര്‍ണ്ണിച്ച വീടുകള്‍ പൊളിച്ചാണ് ലൈഫ് ഭവനപദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടുകള്‍ പൊളിച്ചുനീക്കിയതോടെ ഇവരിപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ കൂരകള്‍ക്കുള്ളിലാണ് താമസിക്കുന്നത്. മഴപെയ്യുമ്പോള്‍ ഇവ ചോര്‍ന്നൊലിക്കുകയാണ്. ഫണ്ട് കൃത്യമായി ലഭിച്ചിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളില്‍ തന്നെ താമസിക്കാമായിരുന്നു. എന്നാല്‍ ഫണ്ടിനായി ഒഫീസുകള്‍ കയറിയിറങ്ങിയ കുടുംബങ്ങള്‍ക്ക് നിരാശരായി മടങ്ങുകയാണ്. പലരും സാധനങ്ങള്‍ കടംവാങ്ങിയും ബ്ലേഡിന് തുകയെടുത്തുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
എന്നാല്‍ ഫണ്ടില്ലാതായതോടെ ഇവരെല്ലാം ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. കൂടാതെ മഴക്കാലത്തിനുമുമ്പേ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലുമാണ് കുടുംബങ്ങള്‍. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഫണ്ട് ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. ഇതേ അവസ്ഥയാണ് പഞ്ചായത്തിലുടനീളം ലൈഫ് ഭവനപദ്ധതിയുടെ കാര്യത്തില്‍ നടക്കുന്നത്. അതേസമയം ഫണ്ട് തീര്‍ന്നതിനാലാണ് ഗുണഭോക്താക്കള്‍ക്ക് ഗഡു വിതരണം ചെയ്യാന്‍ താമസമെടുക്കുന്നതെന്നും വായ്പയ്ക്കായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഫണ്ട് ലഭ്യമായാലുടന്‍ തുക വിതരണം ചെയ്യുമെന്നും പ്രസിഡണ്ട് ഷീജസതീഷ് അറിയിച്ചു.