കുഴിയില്‍ വീണ കടുവക്കുട്ടിയെ വനംവകുപ്പ് രക്ഷിച്ചു
സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴിയില്‍ വീണ കടുവക്കുട്ടിയെ വനംവകുപ്പ് രക്ഷിച്ചു. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശത്തെ കുഴിയിലാണ് കൂട്ടം തെറ്റി കടുവക്കുട്ടി വീണത്. അമ്മക്കടുവക്കായി വനം വകുപ്പ് തിരച്ചില്‍ തുടങ്ങി. അമ്മക്കടുവയുടെ അരികിലേക്ക് ആറുമാസം പ്രായമുള്ള പെണ്‍കടുവയെ എത്തിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
ബീനാച്ചി എസ്റ്റേറ്റിന്റെയും വയനാട് വന്യജീവിസങ്കേതത്തിനും ഇടയിലുളള ജനവാസ കേന്ദ്രത്തിലാണ് ഇന്നലെ രാത്രിയോടെ കടുവക്കുട്ടി അകപ്പെട്ടത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴിയില്‍ നിന്നും രാത്രി കരച്ചില്‍ കേട്ട നാട്ടുകാരാണ് കടുവക്കുഞ്ഞിനെ കണ്ടത്. എന്നാല്‍ രാത്രി കടുവയുടെ കരച്ചില്‍ കേട്ടതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്താന്‍ സാധിക്കാ്ത്തതിനെ തുടര്‍ന്ന് രാവിലെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബുവിന്റെയും, സൗത്ത് വയനാട് ഡിഎഫ്ന ഷജ്നകരിം, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ നേതൃത്വത്തിലാണ് കടുവ കുട്ടിയ പുറത്തെടുക്കാനുളള ശ്രമങ്ങള്‍ നടത്തിയത്. തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജ്ജന്‍ അരുണ്‍ സക്കറിയ സ്ഥലത്തെത്തി എട്ടേമുക്കാലോടെ മയക്കുവെടി വെച്ചു. അല്‍പനേരം മയങ്ങിക്കിടന്ന കുഞ്ഞിനെ വലയിലാക്കി കുഴിയില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് കടുവ കുട്ടിയെ ബത്തേരിയിലെ വനം വകുപ്പിന്റെ കുപ്പാടിയിലെ വെറ്ററിനറി ലാബില്‍ എത്തിച്ച് പ്രാഥമിക പരിശോധനകളും ചികിത്സയും നല്‍കി. വനം വകുപ്പിന്റെ ഡാറ്റയിലുള്ള കടുവയുടെ കുഞ്ഞാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ പ്രദേശത്ത് നടക്കുകയാണ്.
നേരത്തേയും കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഈ മേഖലയിലുണ്ടായിട്ടുണ്ട്. ആറ് മാസം മാത്രം പ്രായമുള്ള കടുവയെ അമ്മക്കടുവയുടെ അരികിലേക്ക് എത്തിച്ചില്ലെങ്കില്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണ്. അമ്മക്കടുവയുടെ കരച്ചില്‍ രാത്രി പ്രദേശത്തുനിന്നും കേട്ടിരുന്നായി പ്രദേശവാസികള്‍ പറഞ്ഞു. ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ് വനം വകുപ്പ് ജീവനക്കാര്‍. കടുവകുട്ടി കുഴിയില്‍ അകപ്പെട്ട വിവരമറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശ്ത്ത് തടിച്ചുകൂടിയത്. കുട്ടിയെ നഷ്ടപ്പെട്ട അമ്മക്കടുവ പ്രദേശത്ത് തന്നെ ഉണ്ടാവുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. അതിനാല്‍ തന്നെ പ്രദേശത്തെ കടുവ ഭീതിക്ക് പരാഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.