ജില്ലയില്‍ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും

0

 

ആസ്റ്റര്‍ മിംസുമായി സഹകരിച്ചുകൊണ്ട് ജില്ലയിലെ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നല്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തികപ്രതിസന്ധി മൂലം സാധാരണക്കാര്‍ക്കും മറ്റും മതിയായ ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിന് പരിഹാരം കാണുന്നതിനായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. ജില്ലയിലെ 12 വയസിന് താഴെയുള്ള ഗുരുതരമായ അസുഖം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും, ചികിത്സയും ലഭ്യമാക്കാനാണ് ആസ്റ്റര്‍ മിംസുമായി ധാരണയായത്.

സൗജന്യ ചികിത്സ ലഭിക്കുന്നതിനായുള്ള ഫോമും മാര്‍ഗ നിര്‍ദേശങ്ങളും കല്‍പ്പറ്റ എം എല്‍ എ ഓഫീസില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ കേരള ആന്റ് ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ മാനേജര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. നൗഫല്‍ ബഷീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയിലെ നിര്‍ധന കുടുംബത്തിലെ 12 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ശസ്ത്രക്രിയും ചികിത്സയും ലഭ്യമാക്കുകയെന്ന ദൗത്യമാണ് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആസാദ് മൂപ്പന്റെ പ്രത്യേക താല്‍പര്യത്തില്‍ പ്രാവര്‍ത്തികമായിരിക്കുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, മുച്ചിറി-മുച്ചുണ്ട് ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയകള്‍, കാന്‍സര്‍ ശസ്ത്രക്രിയകള്‍ എന്നിവയാണ് സൗജന്യമായി ലഭിക്കുക. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ എം എ, വിവിധ ആശുപത്രികള്‍ എന്നിവരുടെ സഹകരണത്തോടെ ട്രൈബല്‍ മെഡിക്കല്‍ ഡ്രൈവ് അടക്കം സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!