റോഡിന്റെ ശോചനീയാവസ്ഥ കാരണം വീടുപണി പൂര്‍ത്തിയാക്കാനാവാതെ ഇരുപതിലധികം കുടുംബങ്ങള്‍. പുത്തുമല ഉരുള്‍പൊട്ടലിലും, വൈത്തിരിയിലെ മണ്ണിടിച്ചിലിലും വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് രണ്ടു വര്‍ഷമായിട്ടും വീടു പണി പൂര്‍ത്തിയാക്കാനാവാത്തത്. 2019 ലെ പ്രളയത്തില്‍ വീട് തകര്‍ന്ന പൂത്തുമല പച്ചക്കാട്, വൈത്തിരി ഭാഗങ്ങളില്‍ നിന്നും പുനരധിവാസ പദ്ധതിയിലെത്തിയ 20 കുടുംബങ്ങള്‍ക്കുള്ള പുതിയ വീടാണ് പുത്തൂര്‍വയല്‍ ചെങ്കുറ്റി പ്രദേശത്ത് നിര്‍മിക്കുന്നത്.
എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥകാരണം വീടുപണിക്ക് ആവശ്യമായ സാധനങ്ങള്‍ സ്ഥലത്ത് എത്തിക്കാന്‍ കഴിയുന്നില്ല. ഇതുകാരണം വീടു പണി തീരാത്ത അവസ്ഥയിലാണ് മുഴുവന്‍ കുടുംബങ്ങളും. മഴപെയ്താല്‍ റോഡില്‍ വെള്ളവും ചെളിയും നിറയും. ഇരുചക്രവാഹനങ്ങള്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രദേശത്ത് താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ വീടുകളും പണി പൂര്‍ത്തിയാക്കാതെ ഇവിടെയുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയില്‍ പരിഹാരം കാണാന്‍ റോഡ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച ഇതു സംബന്ധിച്ച് ജില്ലാ കളക്ടറും കല്‍പ്പറ്റ എംഎല്‍എയ്ക്കും പരാതി നല്‍കിയിരുന്നു. അടിയന്തര സഹായം എന്ന രീതിയില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ക്വാറി വേസ്റ്റ് നികത്തി യാത്ര യോഗ്യമാക്കുമെന്നും, കളക്ടറുമായി ചര്‍ച്ചനടത്തി ഇതിന് ശാശ്വത പരിഹാരം കാണുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് പറഞ്ഞു.