ആശങ്കകളുടെ ഇരുട്ടകറ്റി ഇന്ന് പ്രതീക്ഷയുടെ ദീപാവലി

0

കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെയാണ് ആഘോഷം.ദീപക്കാഴ്ചകളും പ്രത്യേക പൂജ കളും വീടുകളിലേക്ക് ചുരുക്കി. നിയന്ത്രണങ്ങള്‍ കണക്കി ലെടുത്ത് നിറപ്പൊലിമയേകുന്ന പടക്കങ്ങള്‍ ഒഴിവാ ക്കിയാണ് ആഘോഷം. ഉത്സവാന്തരീക്ഷത്തില്‍ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യന്‍ തെരുവുകളിലെ ദീപക്കാഴ്ചകള്‍ ഇത്തവണ വീടുകളില്‍ മാത്രം . ദര്‍ഗകളിലും ക്ഷേത്രങ്ങളിലും നിയന്ത്രണം. ഇന്ന് ദീപാവലി. തിന്‍മയുടെ മേല്‍ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി.

ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്.

രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാന്‍ അയോദ്ധ്യാവാസികള്‍ ദീപാലങ്കാരങ്ങള്‍ നടത്തിയെന്നാണ് ഒരു വിശ്വാസം.

ശ്രീകൃഷ്ണന്‍ ദുഷ്ടനായ നരകാസുരനെ വധിച്ചതില്‍ സന്തുഷ്ടരായ ദേവകള്‍ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം. മഹാബലിയുമായി ബന്ധപ്പെട്ടും ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നുണ്ട്.

ജൈനമതക്കാരുടെ ദീപാവലി ആഘോഷം മറ്റൊന്നാണ്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. അദ്ദേഹം യശ്ശശരീരനായെങ്കിലും ഇപ്പോഴും ജൈനമതക്കാര്‍ ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്.

ഈ ആഘോഷങ്ങളും വിശ്വാസങ്ങളുമെല്ലാം തെളിയിക്കുന്നത് ദീപാവലി ദീപങ്ങളുടെ ആഘോഷമാണെന്നാണ്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ദീപങ്ങള്‍ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. കൊവിഡ് കാലമായതുകൊണ്ട് തന്നെ ആഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തിയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കും അരങ്ങേറുക.

Leave A Reply

Your email address will not be published.

error: Content is protected !!