ഡീപ് ക്ലീന്‍ വയനാട്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി  ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന ഡീപ് ക്ലീന്‍ വയനാടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബശ്രീ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഒന്നര ലക്ഷം അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് വീടും പരിസരവും വൃത്തിയാക്കി അണു നശീകരണ പ്രക്രിയയുടെ ഭാഗമാവുന്നത്.

ആഗസ്റ്റ് 23 നാണ് അണുനശീകരണ പ്രവര്‍ത്തനം ജില്ലയില്‍ നടക്കുന്നത്. ജില്ലാ ഭരണ കൂടം ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഡീപ് ക്ലീന്‍ വയനാട് ശുചീകരണ ക്യാമ്പയിന്‍ നടത്തുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകളും ക്യാമ്പയിനിന്റെ ഭാഗമാകും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടാംഗവും അവരുടെ വീട്ടിലെ മുഴുവന്‍ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. കൂടാതെ പ്രതിരോധ ഗുളികകളുടെയും ആയുര്‍വേദ മരുന്നുകളുടേയും വിതരണം എന്നിവയും നടക്കും. ഓരോ അയല്‍ക്കൂട്ടവും തങ്ങളുടെ പരിധിയിലെ പൊതു സ്ഥാപനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളും മാനദണ്ഡം പാലിച്ചു കൊണ്ട് വൃത്തിയാക്കും. ശുചീകരണ ക്യാമ്പയിനിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഭവനം ശുചിത്വ ഭവനം എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ കുടുംബ സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍  കോര്‍ഡിനേറ്റര്‍ പി സാജിത, ഡിഎംസി മാരായ കെ എ ഹാരിസ്  , കെ ടി മുരളി, വാസു പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!