ജില്ലയിലെ വന്യമൃഗശല്യം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും

0

ജില്ല നേരിടുന്ന  രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കല്‍പ്പറ്റ – ബത്തേരി എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്  തടയാന്‍ കാടും നാടും വേര്‍തിരിച്ച് ശാശ്വതമായ പരിഹാരം ശാസ്ത്രീയമായ രീതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും.

ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന് കിഫ്ബിയില്‍  ഉള്‍പ്പെടുത്തി ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം 40 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. 32 കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും. ബാക്കി വരുന്ന ഭാഗങ്ങളില്‍  കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ചെലവുകുറഞ്ഞതും എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുമായ  ഹാങ്ങിങ് ഫെന്‍സിംഗ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ധാരണയായി. കല്‍പ്പറ്റ മണ്ഡലത്തിലെ കുരങ്ങ് ശല്യം പരിഹരിക്കുന്നതിന് 200 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ മൂന്നെണ്ണം വയനാട് ജില്ലയ്ക്ക് അനുവദിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ  പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് കത്തയച്ചതിനെ തുടര്‍ന്നാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്  ദേവേന്ദ്ര കുമാര്‍ വര്‍മ്മ, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, രാജേഷ് രവീന്ദ്രന്‍, പാലക്കാട് വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കാര്‍ത്തികേയന്‍, കണ്‍സര്‍വേറ്റര്‍ ഓഫ് വിജിലന്‍സ് ആര്‍ എല്‍ അരശന്‍, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയ്, ഫ്‌ലയിംഗ് സ്‌ക്വാഡ്  ഡി.എഫ്.ഒ ധനേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!