കല്‍പ്പറ്റ: രാജ്യത്ത് ഇന്നലെ മുതല്‍ (ജൂലൈ ഒന്ന്) നിലവില്‍ വന്ന പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ക്‌ളാസുകൾ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് നിർവഹിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സക്കറിയ നിയമങ്ങളെക്കുറിച്ചുള്ള ക്ലാസ്സെടുത്തു. കല്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ്, ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. സായൂജ് കുമാർ എന്നിവരും പൊതുജനങ്ങളും പൊതു സാമൂഹ്യ രംഗത്തെ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേണിച്ചിറ പോലീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ വ്യാപാര ഭവനിൽ നടന്ന പരിപാടി ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ് ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ടി.ജി. ദിലീപ് കുമാർ ക്ലാസ് എടുത്തു. മേപ്പാടി പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ സബ് ഇൻസ്‌പെക്ടർ കെ.എൻ. സന്തോഷ് മോൻ ക്ലാസ്സെടുത്തു. വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പഠന ക്ലാസ്സിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിൽ ക്ളാസ്സെടുത്തു. വരും ദിവസങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നിയമബോധവൽക്കരണ പരിപാടികൾ നടത്തും.
ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ചരിത്രമായത്. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത(ബി.എന്‍.സ്), സി.ആര്‍.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എന്‍.എസ്.എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം(ബി.എസ്.എ) എന്നിവയാണ് നിലവില്‍ വന്നത്.