പുല്‍പ്പള്ളി അനശ്വര ജങ്ഷനിലുള്ള മുസ്തഫാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ആള്‍ അപായമില്ല. തീ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണക്കുകയായിരുന്നു. പാചകവാതകം ചോര്‍ന്ന് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടലിന്റെ മുന്‍വശത്തെ കുറച്ച് ഭാഗവും സീലിങ്ങും കത്തി നശിച്ചു. 50000 രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടലുടമ പറഞ്ഞു.
വിവരമറിഞ്ഞ് പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി ഹോട്ടലിന് മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞു. സമീപത്തെ കടകളിലുള്ളവരേയും ഒഴിപ്പിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടിലിലുണ്ടായിരുന്ന ആളുകളും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപെട്ടു. കടയുടമ മുസ്തഫയും ജീവനക്കാരും ചേര്‍ന്ന് വാഹനത്തില്‍ വെള്ളമെത്തിച്ച് തീപടര്‍ന്ന സിലിണ്ടറിലേക്ക് വെള്ളം പമ്പ് ചെയ്ത് കൊടുത്തതിനാല്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല. ആദ്യം നനച്ച ചണച്ചാക്ക് സിലിണ്ടറിന് മുകളിലേക്ക് ഇട്ടുനോക്കിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. സിലിണ്ടര്‍ അരമണിക്കൂറോളം നേരം കത്തിനിന്നു. ഇതിനിടെ കൂടുതല്‍ ചണച്ചാക്കള്‍ നനച്ച് സിലിണ്ടറിന് മുകളിലിട്ടാണ് തീ കെടുത്തിയത്. തുടര്‍ന്ന് സിലിണ്ടര്‍ ഹോട്ടലിന് പുറത്തെത്തിച്ചെങ്കിലും പാചകവാതകം ചോരുന്നുണ്ടായിരുന്നു. സിലിണ്ടറിന് മുകളിലെ റെഗുലേറ്റര്‍ കത്തി ഉരുകിപ്പിടിച്ചതിനാല്‍ ചോര്‍ച്ച തടയാനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി ഫയര്‍സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്സാണ് സിലിണ്ടറിന്റെ ചോര്‍ച്ച പരിഹരിച്ചത്.