പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

0

വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നല്‍കി.

വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്‌കൂളുകള്‍ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പലവിധ സൗകര്യങ്ങളാണ് കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികള്‍ക്ക് ബാഗും കുടകളും നല്‍കി. ക്ലാസ്മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കും. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്‌കൂളുകള്‍ മാറി. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കുട്ടികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ല്‍ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങള്‍ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറി. പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി വഴി സ്‌കൂളുകളില്‍ നവീകരണം നടത്തി, ഡിജിറ്റല്‍ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ സ്വീകരിച്ചു, ഒന്നര ലക്ഷത്തോളം ലാപ്‌ടോപുകളും 70000 പ്രൊജക്റ്ററുകളും റോബോട്ടിക്ക് കിറ്റുകളും ലഭ്യമാക്കി, ഗവേഷണാത്മക പഠനത്തിനു സൗകര്യമൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് വലിയ പങ്ക് അധ്യാപകര്‍ വഹിച്ചുവെന്നും പറഞ്ഞു. എന്നാല്‍ എല്ലാമായെന്ന് കരുതരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചിലത് ശ്രദ്ധിക്കാനുണ്ട്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല നല്‍കേണ്ടത്. സമൂഹത്തെ പറ്റിയും പ്രകൃതിയെ പറ്റിയും അറിവ് നല്‍കണം. ശരിയായ വഴി അത്തരം കാര്യങ്ങളില്‍ പറഞ്ഞു കൊടുക്കണം. പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ജേണലുകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാസ്ത്ര വിഷയങ്ങളില്‍ വിദ്യാഭ്യാസ രംഗം വലിയ തോതില്‍ മികവുറ്റതായിട്ടും ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. അക്കാര്യം ശ്രദ്ധിക്കണം. സര്‍ക്കാരും ഇത് ഗൗരവമായി കാണുന്നുണ്ട്. സെറ്റ് അടക്കം പരീക്ഷകള്‍ ജയിച്ചാല്‍ എല്ലാമായെന്ന് കരുതരുത്. ഫിസിക്‌സ് പഠിക്കുമ്പോള്‍ അത് എത്ര വലിയ ശാഖയാണെന്ന് ചിന്തിക്കണം, എത്ര അദ്ധ്യാപകര്‍ക്ക് ഇതൊക്കെ അറിയാമെന്ന് പരിശോധിക്കണം. ശാസ്ത്ര ചിന്തയും അതിനൊപ്പം മാനവികതയും വളരണം. വാക്‌സിനും അണുബോംബും കണ്ടുപിടിച്ചത് ശാസ്ത്രമാണ്. നമുക്ക് വേണ്ടത് ആദ്യത്തേതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!