ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ മീനങ്ങാടി പോലീസ് ഗുജറാത്തില്‍ നിന്ന് പിടികൂടി. ഗുജറാത്ത്, അമറേലി സ്വദേശികളായ ഖേരാനി സമീര്‍ഭായ് ബാഷിര്‍ ഭായ്,കല്‍വതര്‍ മഹാമദ്ഫാരിജ് കാദര്‍ഭായ്,കല്‍വതര്‍ അലിഭായ് അജിജ്ഭായ് എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പിടിയിലായത്.
അരിമുളയില്‍ ആത്മഹത്യ ചെയ്ത ചിറകോണത്ത് അജയരാജന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന പരാതിയിലാണ് ഗുജറാത്ത് സ്വദേശികളായ 4 പേര്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അയച്ച് ഭീഷണി തുടരുന്നതിനിടെയാണ് അജയരാജ് ആത്മഹത്യ ചെയ്തത്. പരാതിയെ തുടര്‍ന്ന് അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ് അജയരാജന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതില്‍നിന്നാണ് ലോണ്‍ ആപ്പിന്റെ ഭീഷണിയെത്തുടര്‍ന്നാണ് മരണമെന്ന സംശയമുയര്‍ന്നത്.ആ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തില്‍ ജില്ലാ സൈബര്‍ ടീമും, സുല്‍ത്താന്‍ ബത്തേരി DYSP കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ മീനങ്ങാടി സ്റ്റേഷന്‍ ഓഫീസര്‍ കുര്യാക്കോസ്, സീനിയര്‍ സി പി .ഒ പ്രവീണ്‍, ഫിറോസ് ഖാന്‍, സി.പി ഒ മാരായ ഉനൈസ്, അഫ്‌സല്‍, ജില്ലാ സായുധസേനയിലെ എഎസ്‌ഐമാരായ ബൈജു., നെസി ,ജില്ലാ സൈബര്‍ സെല്ലിലെ ബിജിത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ഇന്ന് റിമാന്റ് ചെയ്യും
തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ച ഇന്റര്‍നെറ്റ് കണക്ഷനിലെ മോഡത്തിന്റെ ഐ പി അഡ്രസ്സ് കേന്ദ്രീകരിച്ച് സൈബര്‍ പോലിസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടിയത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം ചെയ്ത ഇവരുടെ പേരില്‍ 306,384 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് മീനങ്ങാടി സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജ ഖ കുര്യാക്കോസ് പറഞ്ഞു.