മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി. സ്‌കൂളിന്റെയും സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും പുതിയ ഹൈടെക് വിദ്യാലയ മന്ദിരങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിക്കും. മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി 4.5 കോടിയോളം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടമൊരുക്കിയത്.യു.പി. സ്‌കൂളിന്റെ കംപ്യൂട്ടര്‍ ലാബ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.പി. സ്‌കൂള്‍ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്‌കൗട്ട് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, യു.പി. സ്‌കൂള്‍ പാചകപ്പുര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, സയന്‍സ് ലാബ് എ.ഇ.ഒ. ജോളിയാമ്മ മാത്യു എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ അദ്വൈദ് സന്തോഷിനെ ചടങ്ങില്‍ ആദരിക്കും. ഫാ.ഡോ. ജസ്റ്റിന്‍ മൂന്നനാല്‍, സോജന്‍ തോമസ്, സിസ്റ്റര്‍ ജോസഫീന, കെ.ജി. ജോണ്‍സണ്‍, സുനില്‍ പാലമറ്റം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.