പു.ക.സാ ജില്ലാ സമ്മേളനത്തിന് സമാപനം
വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ശക്തികള്‍ രാജ്യത്താകെ മനുഷ്യത്വത്തിനെതിരായ പടയൊരുക്കം നടത്തുമ്പോള്‍, അരാഷ്ട്രീയമായ മൗനം ആത്മഹത്യാപരമാണെന്ന് നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍. പുരോഗമന കലാ സാഹിത്യ സംഘം പ്രതിനിധി സമ്മേളനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത ബില്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. പാലസ്തീന് നീതി ഉറപ്പാക്കാന്‍ ഇന്ത്യ ഇടപെടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ആന്തമാന്‍ ദ്വീപിന്റെ പഴയ പേര് ഹനുമാന്‍ ദ്വീപ് എന്നാണെന്നും, ലങ്കയിലേക്കുള്ള ചാട്ടത്തിനിടെ ഹനുമാന്‍ വിശ്രമിച്ചത് ആന്തമാന്‍ ദ്വീപിലാന്നെന്നുമൊക്കെയുള്ള പുതിയ വാദങ്ങള്‍ ഔദ്യോഗികമായിപ്പോലും പ്രഖ്യാപിക്കപ്പെടുന്നതാണ് വര്‍ത്തമാനകാലം. മിത്തുകളെ ചരിത്രമാക്കുകയും, ചരിത്രത്തെത്തന്നെ അപനിര്‍മ്മിക്കുകയും ചെയ്യുന്നതിലെ ദേശീയദുഷ്ടലാക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു.മാനന്തവാടി ഗവ.യു പി സ്‌കൂളിലെ ടി സുരേഷ് ചന്ദ്രന്‍ നഗറിലായിരുന്നു സമ്മേളനം.
വര്‍ഗീയതക്കെതിരെ വര്‍ഗ ഐക്യം ശക്തിപ്പെടുത്തുക, മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിക്കുക, പലസ്തീന് നീതി ലഭ്യമാക്കാന്‍ ഇന്ത്യ ഇടപെടണം, രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കുക, വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിലെ അനിശ്ചിതമായ കാലതാമസം ഒഴിവാക്കുകതുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.ജോസ് ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. മാനന്തവാടി വികെഎസ് ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. അജി ബഷീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എംകെ മനോഹരന്‍, കവി ഡോ. സി രാവുണ്ണി, ഫോക്ക്‌ലോര്‍ അക്കാദമി സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി സ്വാഗതവും മാനന്തവാടി മേഖലാ പ്രസിഡണ്ട് പി ഹരിദാസന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: മുസ്തഫ ദ്വാരക (പ്രസി.),
പി.കെ. സുധീര്‍, അജി ബഷീര്‍ (വൈസ് പ്രസി.)
എം. ദേവകുമാര്‍ (സെക്ര.)
എസ്. എച്ച്. ഹരിപ്രിയ, ശിവദാസന്‍ പടിഞ്ഞാറത്തറ (ജോ. സെക്ര.), എന്‍. കെ. ജോര്‍ജ് (ട്രഷറര്‍).